സാമൂഹ്യ പരിഷ്കരണം കേരളത്തിന്റെ കരുത്ത്: തസ്ലീമ നസ്രിൻ 

Saturday 10 January 2026 12:51 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പനുമുൾപ്പെടെ പടുത്തുയർത്തിയ സാമൂഹിക പരിഷ്കരണത്തിന്റെ ചരിത്രം കേരളത്തിന് കരുത്ത് പകരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിൻ പറഞ്ഞു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള 'കെ.എൽ.ഐ.ബി.എഫ് ടോക്ക്' സെഷനിൽ 'ബുക്ക്‌ ഫോർ പീസ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.​

സാക്ഷരതയും വിജ്ഞാനവും സ്വാതന്ത്ര്യവും കൈകോർക്കുന്ന കേരളം ചിന്തകൾക്കും ആശയങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന മണ്ണാണ്. കുമാരനാശാനും ബഷീറും തകഴിയും വരികളിലൂടെ അനീതിയെ ചോദ്യം ചെയ്തു.

സമാധാനം എന്ന വാക്ക് ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ്. പലപ്പോഴും സമാധാനം എന്നത് വെറും നിശബ്ദതയായോ ശാന്തതയായോ ആയാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ നിശബ്ദത പലപ്പോഴും ഭയത്തിന്റേതാകാം. മർദ്ദിതരോട് പൊരുത്തപ്പെടാൻ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ ദ്രോഹമാണ് ചെയ്യുന്നത്. താൻ കഴിഞ്ഞ 31 വർഷമായി നാടുകടത്തപ്പെട്ടവളായി കഴിയുന്നത് ചോദ്യങ്ങൾ ചോദിച്ചതുകൊണ്ടാണ്. തന്റെ വീട് നഷ്ടപ്പെട്ടെങ്കിലും ശബ്ദം നഷ്ടപ്പെട്ടിട്ടില്ലെന്ന് നസ്രിൻ പറഞ്ഞു.