നേർത്ത കൈകളുള്ള തവളകളെ കണ്ടെത്തി

Saturday 10 January 2026 12:53 AM IST

ന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രൊഫ. എസ്.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം നേർത്ത കൈകളുള്ള രണ്ട് പുതിയ തവളകളെ കണ്ടെത്തി. അരുണാചൽ പ്രദേശിലെ ഉൾക്കാടുകളിൽ നിന്നാണിത്. ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മൂന്ന് വർഷത്തിലേറെ നടത്തിയ വിപുലമായ പര്യവേഷണങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് യു.എസ് ആസ്ഥാനമായുള്ള ശാസ്ത്ര ജേർണലായ പീർജെയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ സമ്പന്നമായ പ്രദേശങ്ങളിലൊന്നായ ഹിമാലയ ജൈവവൈവിദ്ധ്യ കേന്ദ്രത്തിന്റെ ഭാഗമാണ് അരുണാചൽ പ്രദേശ്. കൊമ്പുള്ള ഏഷ്യൻ തവളകൾ ഉൾപ്പെടെ 366 അംഗീകൃത ഇനങ്ങളുള്ള ആഗോളതലത്തിൽ, ഏറ്റവും വൈവിദ്ധ്യമാർന്ന തവള കുടുംബങ്ങളിലൊന്നാണിത്. ഈ കുടുംബത്തിൽപ്പെട്ട നേർത്ത കൈകളുള്ള തവളകളിൽ ഏകദേശം 40 ഇനം ഉൾപ്പെടുന്നു, തെക്കുകിഴക്കൻ ഏഷ്യയിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. നദീതട തടസങ്ങൾ, പ്രത്യേകിച്ച് ബ്രഹ്മപുത്ര നദി, ഈ നേർത്ത കൈകളുള്ള തവളകളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തെയും വൈവിദ്ധ്യവത്കരണ രീതികളെയും സ്വാധീനിക്കുന്നുവെന്ന് പ്രൊഫ. എസ്.ഡി.ബിജു പറഞ്ഞു. ഇതിലൊരു തവളയ്ക്ക് പ്രമുഖ മലയാളി പത്രപ്രവർത്തകനും തന്റെ സ്നേഹിതനുമായിരുന്ന

ഇ.സോമനാഥിന്റെ പേര് നൽകിയതായി ബിജു അറിയിച്ചു.