പുരോഗതിയുടെ അടിസ്ഥാനം ഗുരുദേവ ദർശനങ്ങൾ: പ്രേമചന്ദ്രൻ
കൊല്ലം: ഗുരുവിന്റെ ദർശനങ്ങളാണ് കേരളത്തിലെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പത്രാധിപർ കെ. സുകുമാരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട മൂന്ന് തിരുന്നാളുകളുടെ സംയുക്താഘോഷമായ 'ശ്രീനാരായണഗുരു മുപ്പെരുന്നാൾ" കൊല്ലം പ്രസ് ക്ളബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തം ചിന്താതെ സാമൂഹ്യ നവോത്ഥാന പരിവർത്തനമുണ്ടാക്കാൻ ഗുരുവിന്റെ ആശയങ്ങൾക്കായി. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൗണ്ടേഷൻ ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം സ്ഥാപകദിന വാർഷിക സംഗമം യോഗം കൗൺസിലർ പി.സുന്ദരനും പത്രാധിപർ കെ.സുകുമാരൻ ജയന്തിദിന സമ്മേളനം കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണനും ശിവഗിരി ധർമ്മസംഘം സ്ഥാപകദിന വാർഷിക സമ്മേളനം ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദയും ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.എ.ബാഹുലേയൻ,ഫൗണ്ടേഷൻ ട്രഷറർ രാജൻ എസ്.സൗപർണിക,ഫൗണ്ടേഷൻ മഹിളാവിഭാഗം പ്രസിഡന്റ് അജിത സദാനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ബെസ്റ്റ് എഡ്യുക്കേഷണലിസ്റ്റ് അവാർഡ് കേരള യൂണിവേഴ്സിറ്റി മുൻ ഡീനും ശിവഗിരി മഠം മുൻ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എം.ശാർങ്ധരന് സമർപ്പിച്ചു. പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ഫിലാൻത്രോപിസ്റ്റ് അവാർഡ് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും പത്രാധിപർ കെ.സുകുമാരൻ മെമ്മോറിയൽ ബെസ്റ്റ് ജേർണലിസ്റ്റ് അവാർഡ് ഹസ്താമലകനും ഏറ്റുവാങ്ങി. പി.സുന്ദരൻ,കെ.എ.ബാഹുലേയൻ,ഡോ. ആർ.വരുൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൊല്ലം എസ്.എൻ കോളേജ് അദ്ധ്യാപിക പി.ജെ.അർച്ചന ദൈവദശകം ചൊല്ലി.