കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ; കൊന്നത് നിരവധി പശുക്കളെ

Saturday 10 January 2026 7:24 AM IST

കണ്ണൂർ: കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടികൂടി. പാലത്തുംകടവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസം പ്രദേശത്തെ പശുക്കളെ കൊന്ന കടുവയാണോ ഇതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

ജനവാസമേഖലയില്‍ കടുവ ഇറങ്ങിയത് കാരണം പ്രദേശവാസികളുടെ ജീവിതം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുള്‍മുനയിലായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അർദ്ധരാത്രിയോടെ വീണത്. ഉടൻ തന്നെ വയനാട് പുല്‍പ്പള്ളിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കടുവയെ മാറ്റുകയും ചെയ്‌തു. നേരത്തെയും നാട്ടില്‍ കടുവയുടെ സാന്നിദ്ധ്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാൽ, അവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.