'തിലക് വർമ പുറത്തായാൽ ഗില്ലോ ജയ്സ്വാളോ അല്ല ടീമിൽ തിരിച്ചെത്തേണ്ടത്, പരിഗണിക്കേണ്ടത് ആ താരങ്ങളെ'

Saturday 10 January 2026 10:16 AM IST

മുംബയ്: വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കിനെത്തുടർന്ന് തിലക് വർമ്മ പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 21ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും യുവതാരത്തെ ഒഴിവാക്കിയേക്കാം. എന്നാൽ കായികക്ഷമത വീണ്ടെടുത്താൽ അദ്ദേഹം ടീമിൽ തിരിച്ചെത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയായതിനാൽ തിലകിന്റെ പരിക്ക് ടീം മാനേജ്‌മെന്റിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ഇപ്പോഴിതാ പകരക്കാരനായി ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. തിലക് വർമ്മയ്ക്ക് ലോകകപ്പ് മത്സരങ്ങൾ നഷ്ടമായാൽ പകരം ആര് വേണമെന്ന കാര്യത്തിൽ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ അഭിപ്രായവും ചർച്ചയാകുന്നുണ്ട് . ശുഭ്മാൻ ഗില്ലിനെയോ യശസ്വി ജയ്സ്വാളിനെയോ പരിഗണിക്കേണ്ടതില്ലെന്നാണ് ആകാശിന്റെ പക്ഷം.

'മദ്ധ്യനിരയിൽ തിലകിന് പകരംവയ്ക്കാൻ ഏറ്റവും അനുയോജ്യൻ ശ്രേയസ് അയ്യർ ആണ്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ അയ്യർ സീനിയർ താരം എന്ന നിലയിൽ ടീമിന് കരുത്താകും. ഒരു ഓൾറൗണ്ടറെയാണ് ടീം തിരയുന്നതെങ്കിൽ റിയാൻ പരാഗ് മികച്ച ഓപ്ഷനാണ്. പന്തെറിയാനുള്ള കഴിവും പരാഗിന് അനുകൂല ഘടകമാണ്. മദ്ധ്യനിരയിലേക്ക് പരിഗണിക്കാവുന്ന മറ്റൊരു പേര് ജിതേഷ് ശർമ്മയുടേതാണ്. എന്നാൽ ടീമിൽ നിലവിൽ വിക്കറ്റ് കീപ്പർമാർ ഉള്ളതിനാൽ ജിതേഷിന് സാദ്ധ്യത കുറവാണ്' അദ്ദേഹം വിലയിരുത്തുന്നു.