രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി; ഉടൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ

Saturday 10 January 2026 10:28 AM IST

ഇടുക്കി: താൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനുമായി ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണ് പാർട്ടിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് രാജേന്ദ്രൻ വോട്ടഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രൻ വോട്ടുതേടിയിറങ്ങിയത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവർഷമായി അകന്ന് നിൽക്കുകയായിരുന്നു രാജേന്ദ്രൻ.

15 വർഷം സിപിഎം എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു വർഷത്തേക്ക് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങൾ ഉയർന്നിരുന്നു.