വിദേശത്തുവച്ച് അംബാനിയുടെ മകനെ പോക്കറ്റടിച്ചു, അന്ന് രക്ഷകനായി പണം കൊടുത്ത മലയാളി; ഹോർമിസ് തരകന്റെ അനുഭവങ്ങൾ

Saturday 10 January 2026 11:11 AM IST

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ തലവൻ, കേരളത്തിന്റെ മുൻ ഡിജിപി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഇന്ത്യൻ പൊലീസ് സേനയിലെ തന്നെ അതിപ്രഗത്ഭനായ ഓഫീസറായിരുന്നു പി കെ ഹോർമിസ് തരകൻ. കൗമുദി ടിവി സ്‌ട്രെയ്‌റ്റ്‌ലൈനിൽ ഇത്തവണ അതിഥിയായി എത്തിയിരിക്കുന്നത് ഹോർമിസ് തരകനാണ്.

നമ്മൾ സിനിമയിൽ കാണുന്നതുപോലെ തന്നെ പല കോഡുകളിലൂടെയാണ് രഹസ്യവിവരങ്ങൾ കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചതിനാൽ രീതികൾ മാറിയിരിക്കാമെന്നും ഹോർമിസ് തരകൻ വ്യക്തമാക്കി. 25 വർഷത്തോളമാണ് അദ്ദേഹം റോയിൽ സേവനമനുഷ്‌ഠിച്ചിരുന്നത്. രഹസ്യാന്വേഷണ ഏജൻസിയായതിനാൽ, വിരമിക്കലിന് ശേഷം ജോലിയുടെ രഹസ്യസ്വഭാവങ്ങളെപ്പറ്റിയോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ പാടില്ലെന്ന നിയമമുണ്ട്. അതിനാൽ, തനിക്കുണ്ടായ സാഹസികമായ അനുഭവങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജോലിയിരിക്കെ ധിരുഭായി അംബാനിയുടെ മകന് പണം കടം കൊടുത്ത വ്യക്തി കൂടിയാണ് ഹോർമിസ് തരകൻ. വളരെ രസകരമായ ഈ അനുഭവവും അദ്ദേഹം പങ്കുവച്ചു. 'അന്ന് കോളേജ് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. മുകേഷ് അംബാനിയാണോ അനിൽ അംബാനിയാണോ അതെന്ന് എനിക്കിപ്പോൾ കൃത്യമായി ഓർമയില്ല. അദ്ദേഹമൊരു വിദേശരാജ്യത്ത് യാത്ര പോയി. പോക്കറ്റടി വളരെയധികമുള്ള രാജ്യമായിരുന്നു അത്. ലോകത്തെ വലിയ കോടീശ്വരന്റെ മകനാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ, പാസ്‌പോർട്ടും മുഴുവൻ കാശും അദ്ദേഹത്തിന് നഷ്‌ടമായി. ഞായറാഴ്‌ചയായതിനാൽ ബാങ്കുമില്ല. അങ്ങനെ എംബസിയെ സമീപിച്ച അദ്ദേഹത്തിന് താൽക്കാലിക പാസ്‌പോർട്ടും 100 ഡോളറും ഞാൻ കൊടുത്തു. അത് എംബസിയുടെ പണമാണ്. ലോണായി നൽകുന്നതാണ്. പിറ്റേദിവസം തന്നെ അദ്ദേഹമത് തിരിച്ച് നൽകുകയും ചെയ്‌തു' - ഹോർമിസ് തരകൻ പറഞ്ഞു.