'തന്ത്രിയെ  മറയാക്കി  മന്ത്രിയെ  രക്ഷിക്കാൻ സർക്കാർ  നോക്കേണ്ട; ദേവസ്വം മാത്രം വിചാരിച്ചാൽ സ്വർണം കടത്താൻ കഴിയില്ല'

Saturday 10 January 2026 11:26 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്ഷേത്രത്തിലെ തന്ത്രിമുഖ്യനായ കണ്‌ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിൽ കിടക്കുന്നവരും തന്ത്രിയും ചേർന്നാൽ എല്ലാമായെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അംഗീകരിക്കില്ല. തന്ത്രിയിൽ ഒതുക്കേണ്ടെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ നോക്കേണ്ട. തന്ത്രി എന്തുചെയ്തു എന്നത് കോടതിയിൽ പറയേണ്ട കാര്യമാണ്. പക്ഷേ ദേവസ്വം ബോർഡ് ഭരണകർത്താക്കൾ മാത്രം വിചാരിച്ചാൽ സ്വർണം കടത്തിക്കൊണ്ട് പോകാൻ കഴിയില്ല. ഇത് മന്ത്രിമാർ അറിഞ്ഞില്ലെങ്കിൽ പിന്നെയെന്തിനാണ് മന്ത്രിമാരായി ഇരിക്കുന്നത്. സ്വന്തം വകുപ്പിന്റെ കീഴിൽ കൊള്ള നടക്കുമ്പോൾ അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയാരെയാണ് വിശ്വസിക്കുന്നത്. അറസ്റ്റ് ചെയ്തതെല്ലാം ഒരേ പാർട്ടിക്കാരെയാണ്. ഇവർ സ്വർണം കടത്തിയത് സിപിഎമ്മും മന്ത്രിയും അറിഞ്ഞില്ലെന്ന് പറഞ്ഞ് തന്ത്രിയിൽ അവസാനിപ്പിക്കാമെന്ന് സ‌ർക്കാർ കരുതേണ്ട. ഞങ്ങൾ കേസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണ്'- കെ മുരളീധരൻ പറഞ്ഞു.

ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് കണ്‌ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്. 13-ാം പ്രതിയാണ്. 1998-99ൽ വിജയ് മല്യ സ്വർണം പൊതി‌ഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും അദ്ദേഹം തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.