മരുഭൂമിയിൽ കുതിച്ചുപായാൻ ഇത്തിഹാദ്; വമ്പൻ പദ്ധതിയുമായി യുഎഇ, പ്രവാസികൾക്കും നേട്ടം
ദുബായ്: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ കമ്പനി പുറത്തുവിട്ടു. സൗദി അതിർത്തിയിൽ നിന്ന് ഒമാൻ അതിർത്തി വരെ നീളുന്ന വിപുലമായ റെയിൽ ശൃംഖലയാണ് യാഥാർത്ഥ്യമാകുന്നത്. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിലുള്ള സൗദി അതിർത്തിയായ അൽ സിലയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. ഫുജൈറയിലെ ഒമാൻ അതിർത്തിയിലുള്ള സകംകം ആണ് അവസാന സ്റ്റേഷൻ.
മനോഹരമായ തീരദേശങ്ങൾ, വിശാലമായ മരുഭൂമികൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങൾ എന്നിവയിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള യാത്രാദൂരം കുറയ്ക്കുന്നതിനൊപ്പം യുഎഇയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി ആസ്വദിക്കാനുള്ള അവസരം കൂടിയാകും ഈ യാത്ര വാഗ്ദാനം ചെയ്യുന്നത്.
യുഎഇയുടെ അതിർത്തി ഗ്രാമങ്ങൾ മുതൽ ആധുനിക നഗരങ്ങളെ വരെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽവേ, രാജ്യത്തിന്റെ സാമ്പത്തികവിനോദസഞ്ചാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുന്നത്.
പാതയിലെ പ്രധാന സ്റ്റേഷനുകൾ ഇവയാണ്:
1. അൽ സില യുഎഇ-സൗദി അതിർത്തിയിലെ അബുദാബി അൽ ദഫ്ര മേഖലയിലാണ് ഈ സ്റ്റേഷൻ. ഭാവിയിൽ ജിസിസി റെയിൽ പാത യാഥാർഥ്യമാകുമ്പോൾ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി ഇത് മാറും. നിലവിൽ ശാന്തമായ ഈ തീരപ്രദേശം റെയിൽവേയുടെ വരവോടെ വലിയൊരു ടൂറിസം ഹബ്ബായി മാറാൻ സാധ്യതയുണ്ട്.
2. അൽ ദന്നാഹ് പഴയ മൽസ്യബന്ധന ഗ്രാമമായ റുവൈസ് ആണ് ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള അൽ ദന്നാഹ് നഗരമായി മാറിയിരിക്കുന്നത്. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ പ്രധാന വ്യവസായ കേന്ദ്രമായ ഇവിടെ ആയിരക്കണക്കിന് ജീവനക്കാരാണ് താമസിക്കുന്നത്. റെയിൽവേ എത്തുന്നതോടെ ഈ വ്യാവസായിക നഗരത്തിന്റെ പ്രാധാന്യം ഇരട്ടിക്കും.
3. അൽ മിർഫ അബുദാബിയുടെ 'പരമ രഹസ്യം' എന്നറിയപ്പെടുന്ന മനോഹരമായ ബീച്ചാണ് മിർഫയുടെ ആകർഷണം. ജലവിനോദങ്ങൾക്കും സർഫിങ്ങിനും പേരുകേട്ട ഈ പ്രദേശം റെയിൽ പാത വഴി ബന്ധിപ്പിക്കപ്പെടുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ഇവിടെ നിന്ന് ഉൾനാടൻ പട്ടണങ്ങളിലേക്ക് പ്രത്യേക റെയിൽ പാതയും നിർമിച്ചിട്ടുണ്ട്.
4. മദീനത്ത് സായിദ് അൽ ദഫ്ര ഫെസ്റ്റിവലിന്റെയും ഒട്ടക ഓട്ടമത്സരങ്ങളുടെയും കേന്ദ്രമാണിവിടം. യുഎഇയുടെ പാരമ്പര്യം തുടിക്കുന്ന ഈ നഗരം സന്ദർശിക്കാൻ റെയിൽവേ സൗകര്യം വലിയ സഹായമാകും.
5. മെസായിറ ലിവയ്ക്ക് സമീപമുള്ള ഈ സാംസ്‌കാരിക നഗരം മരുഭൂമിയിലെ സാഹസിക വിനോദങ്ങൾക്കും പക്ഷി നിരീക്ഷണത്തിനും പ്രസിദ്ധമാണ്. മെസായിറ കോട്ട ഇവിടുത്തെ പ്രധാന കാഴ്ചയാണ്.
6. അബുദാബി തലസ്ഥാന നഗരത്തിലെ സ്റ്റേഷൻ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് (മുസഫയ്ക്ക് സമീപം) സ്ഥിതി ചെയ്യുന്നത്. ഡെൽമ മാൾ, മസ്യാദ് മാൾ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്ക് ഇവിടെ നിന്ന് എളുപ്പത്തിൽ എത്താം.
7. അൽ ഫായ അബുദാബിക്കും ദുബായിക്കും ഇടയിലുള്ള ഈ സ്റ്റേഷൻ പ്രധാനമായും ഒരു കണ്ടെയ്നർ തുറമുഖ മേഖലയാണ്. ചരക്ക് നീക്കത്തിൽ ഈ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു.
8. ദുബായ് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് ഇത്തിഹാദ് റെയിൽ സ്റ്റേഷൻ വരുന്നത്. ദുബായ് മെട്രോയുമായി ഇതിന് കണക്ടിവിറ്റി ഉണ്ടാകും എന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
9. യൂണിവേഴ്സിറ്റി സിറ്റി ഷാർജയിലെ വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ചുള്ളതാണ് ഈ സ്റ്റേഷൻ. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുഗമമായ യാത്ര ഇത് ഉറപ്പാക്കുന്നു.
10. അൽ ദായിദ് ഈന്തപ്പന കൃഷിക്കും കാർഷിക വിപണികൾക്കും പേരുകേട്ട ഷാർജയിലെ പ്രദേശം. ഹജർ പർവതനിരകൾക്ക് സമീപമുള്ള ഈ സ്റ്റേഷൻ കാർഷിക ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിനും വിനോദസഞ്ചാരത്തിനും സഹായിക്കും.
11. സകംകം ഫുജൈറ നഗരത്തിന് തൊട്ടടുത്തുള്ള സകംകം സ്റ്റേഷൻ ചരിത്ര സ്മാരകങ്ങളാൽ സമ്പന്നമാണ്. യുഎഇയുടെ കിഴക്കൻ തീരത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണിത്.