ജയിലിൽ തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം; ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിക്കും. ജയിൽ ആംബുലൻസിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുക. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ തന്ത്രി ഇന്നലെ ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്.കേസിൽ 13-ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.
ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കാണ് പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം ദ്വാരപാലകശിൽപ്പങ്ങളിലെ സ്വർണക്കൊള്ളക്കേസിലും അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി ആശുപത്രിക്ക് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോടു സ്വാമി ശരണം എന്നായിരുന്നു മറുപടി. തന്ത്രിയുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.