തന്ത്രിയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ, സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

Saturday 10 January 2026 11:55 AM IST

ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ പ്രാദേശിക ബിജെപി നേതാക്കൾഉൾപ്പെടെ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. തന്ത്രിക്ക് പിന്തുണ അറിയിച്ചാണ് ബിജെപി നേതാക്കൾ എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ തന്റെ പാർട്ടി ഘടകത്തിന്റെ അധികാരപരിധിയിലാണ് തന്ത്രിയുടെ വീടെന്നും അതിനാലാണ് എത്തിയതെന്നുമാണ് സന്ദീപ് വാചസ്പതി മാദ്ധ്യമങ്ങളോടുപറഞ്ഞത്. തന്ത്രിയെ ബലിയാടാക്കുന്നു എന്നതരത്തിൽ ബിജെപി അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു.

തന്ത്രിയുടെ അറസ്റ്റുസംബന്ധിച്ച് ഏറെ സംശയമുണ്ടെന്നും തിടുക്കപ്പെട്ടുള്ള അറസ്റ്റ് എന്തിനായിരുന്നു? തന്ത്രിയെ ചാരി മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാനഘടകത്തിന്റെ അനുവാദത്തോടെയാണോ നേതാക്കൾ തന്ത്രിയുടെ വീട്ടിലെത്തിയതെന്ന് വ്യക്തമല്ല.

ഇന്നലെയാണ് തന്ത്രിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. അതീവരഹസ്യമായും അതിനാടകീയമായും നടത്തിയ നീക്കത്തിലൂടെയായിരുന്നു അറസ്​റ്റ്.മുൻകൂർ ജാമ്യത്തിന് തന്ത്രി ശ്രമിക്കുന്നതറിഞ്ഞ് അതിനുള്ള പഴുത് അടച്ചു. പ്രതിയാക്കില്ലെന്നും പകരം സാക്ഷിയാക്കുമെന്നും തന്ത്രിയെ എസ്.ഐ.ടി ധരിപ്പിച്ചു.പത്മകുമാറിന്റെയടക്കം ജാമ്യം തടയാൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തന്ത്രിയുടെ പേര് ഒഴിവാക്കി . ഹൈക്കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തന്ത്രിയുടെ പങ്ക് വിശദമാക്കി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി പ്രകടിപ്പിച്ചതോടെ അറസ്​റ്റാവാമെന്ന് എസ്.ഐ.ടി തീരുമാനിക്കുകയായിരുന്നു.