ഇപ്പോൾ പോയാൽ കാണാൻ ഏറെ; വിദേശികളടക്കമുള്ളവർ കൂട്ടത്തോടെ കൊച്ചിയിലേക്ക്
ഫോർട്ട്കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ സജീവമായതോടെ വിനോദസഞ്ചാര മേഖല വലിയ പ്രതീക്ഷയിൽ. ബിനാലെ കേന്ദ്രീകരിച്ചുള്ള ടൂറിസം പാക്കേജുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. കലയിലും പൈതൃകത്തിലും മുഴുകി കൂടുതൽ ദിവസം ചെലവഴിക്കാൻ സന്ദർശകർ ആഗ്രഹിക്കുന്ന നഗരമായി കൊച്ചി മാറിയിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ യാത്രാദൈർഘ്യം ഗണ്യമായി വർദ്ധിച്ചു.
സാധാരണയായി വിദേശ വിനോദസഞ്ചാരികൾക്കായി ടൂർ ഓപ്പറേറ്റർമാർ രണ്ട് രാത്രി താമസമാണ് കൊച്ചിയിൽ നിശ്ചയിക്കാറുള്ളത്. എന്നാൽ ബിനാലെ കാണാൻ മാത്രം സഞ്ചാരികൾ ഒന്നോ രണ്ടോ ദിവസം യാത്ര നീട്ടുന്നു. ഇത് ടൂറിസം മേഖലയ്ക്ക് അധിക വരുമാനം ലഭിക്കാൻ സഹായിക്കുന്നു. ബിനാലെ പൂർണമായും കണ്ടുതീർക്കണമെങ്കിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. ബിനാലെയുടെ തീയതികൾ പ്രഖ്യാപിച്ചയുടൻ, മുൻ ലക്കങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക പരസ്യങ്ങളും പാക്കേജുകളും ടൂർ ഓപ്പറേറ്റർമാർ അവതരിപ്പിച്ചു തുടങ്ങി.
ടൂറിസ്റ്റുകൾക്കിടയിൽ ബിനാലെയ്ക്ക് അഭൂതപൂർവ്വമായ താത്പര്യമാണുള്ളത്. ബിനാലെയും തെയ്യവും ഒന്നിച്ചു കാണുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിൽ മുഴുവൻ ബുക്കിംഗും പൂർത്തിയായി. അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ കുറഞ്ഞത് 10 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. അനുഭവവേദ്യ ടൂറിസം ആഗ്രഹിക്കുന്ന എല്ലാ സഞ്ചാരികൾക്കും ബിനാലെ പകരം വയ്ക്കാനില്ലാത്ത ആകർഷണമാണ്. സാമ്പത്തിക മാനദണ്ഡങ്ങൾക്കപ്പുറത്തേക്കാണ് ബിനാലെ കാണാനെത്തുന്നവരുടെ തിരക്കെന്ന് മുൻകാല ലക്കങ്ങൾ സൂചിപ്പിക്കുന്നു. ധനികരായ സഞ്ചാരികൾ മുതൽ ബാക്ക് പാക്കേഴ്‌സിന് വരെ ബിനാലെയിൽ ആകർഷണങ്ങളുണ്ട്.
ഗോവയിലെ എച്ച്.എച്ച്. ആർട്ട് സ്‌പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി മുസിരിസ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. 'ഫോർ ദി ടൈം ബീയിംഗ്' എന്നാണ് ക്യൂറേറ്റർ പ്രമേയം. പശ്ചിമകൊച്ചിയിലും എറണാകുളത്തുമായി 22 പ്രധാന വേദികളിലും 7 കൊളാറ്ററൽ വേദികളിലുമാണ് ബിനാലെ നടക്കുന്നത്. 2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസം നീണ്ടുനിൽക്കുന്ന കൊച്ചി ബിനാലെ പ്രദർശനങ്ങൾ മാർച്ച് 31ന് അവസാനിക്കും.