പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പരാതി; ബ്രാൻഡ് അംബാസഡറായ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി

Saturday 10 January 2026 1:00 PM IST

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ പരാതിയിന്മേലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറാണ് മോഹൻലാൽ. തിരുവനന്തപുരം സ്വദേശിയാണ് നടനെതിരെ പരാതി നൽകിയത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകളനുസരിച്ച് പരാതിക്കാരനും ബ്രാൻഡ് അംബാസഡറായ മോഹൻലാലും തമ്മിൽ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ കേസ് റദ്ദാക്കിയത്.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങൾക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കിൽ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതിൽ ഹർജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാൽ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരസ്യത്തിൽ വാഗ്ദാനം ചെയ്ത തുകയ്ക്ക് ബാങ്കിൽ നിന്ന് വായ്‌പ ലഭിച്ചില്ലെന്നും ഇതിന് ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ബാങ്ക് ഇടപാട് വേളയിൽ അധികൃതർ പരസ്യം കാണിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

അതേസമയം, ജില്ലാ ഉപഭോക്തൃ കമ്മിഷനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനും മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കുന്നതിന് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് കേസ് റദ്ദാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.