'സ്വർണക്കൊള്ളയ്ക്കുപിന്നിൽ സിപിഎം - കോൺഗ്രസ് കുറുവ സംഘം, തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാനോ?'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്ക്കുപിന്നിൽ സിപിഎം- കോൺഗ്രസ് കുറുവ സംഘമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എസ് ഐ ടി നടപടികൾ ദൂരൂഹമാണെന്നും ശബരിമല കൊള്ളയ്ക്കുപിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാനാണോ എന്ന് സംശയമുണ്ടെന്നും മന്ത്രിയെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. മകരവിളക്ക് ദിവസമായ ജനുവരി 14ന് വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്. ശബരിമല സ്വർണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എല്ലാവിധ തെളിവുകളുമുണ്ടെങ്കിലും അറസ്റ്റുചെയ്യാൻ എസ് ഐ ടി തയ്യാറാവുന്നില്ലെന്ന് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. 'തന്ത്രി ക്ഷേത്രത്തിലെ എല്ലാ വസ്തുക്കളുടെയും കസ്റ്റോഡിയനല്ല. അത് ദേവസ്വംബോർഡാണ്. ആചാരാനുഷ്ടാനങ്ങളെ സംരക്ഷിക്കാൻ മാത്രമാണ് തന്ത്രിക്ക് അധികാരമുള്ളത്. ആചാര ലംഘനം നടത്തിയതിന് കേസെടുക്കണമെങ്കിൽ ആദ്യം കേസെടുക്കേണ്ടത് പിണറായി വിജയനെതിരെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവികാരം എതിരായപ്പോൾ അത് മറികടക്കാൻ നടത്തിയ നീക്കമാണോ അറസ്റ്റ് എന്ന് സംശയമുണ്ട്'- സുരേന്ദ്രൻ പറഞ്ഞു.
ഇന്ന് രാവിലെ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തിയിരുന്നു. രാവിലെ പതിനൊന്നുമണിയോടെ ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ പ്രാദേശിക ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. തന്ത്രിക്ക് പിന്തുണ അറിയിച്ചാണ് ബിജെപി നേതാക്കൾ എത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ തന്റെ പാർട്ടി ഘടകത്തിന്റെ അധികാരപരിധിയിലാണ് തന്ത്രിയുടെ വീടെന്നും അതിനാലാണ് എത്തിയതെന്നുമാണ് സന്ദീപ് വാചസ്പതി മാദ്ധ്യമങ്ങളോടുപറഞ്ഞത്. തന്ത്രിയെ ബലിയാടാക്കുന്നു എന്നതരത്തിൽ ബിജെപി അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു.