ലാഭത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ: റീൽസിൽ നിന്നുപോലും വരുമാനം, രാജ്യത്ത് ആദ്യം
കൊച്ചി: രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ വലുപ്പത്തിൽ ചെറുതാണ് കൊച്ചി മെട്രോ. എന്നാൽ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് നേട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ടിക്കറ്റ് വരുമാനത്തിന് പുറമെ നൂതനമായ മാർഗങ്ങളിലൂടെ ലാഭമുണ്ടാക്കുന്നതിൽ കൊച്ചി മെട്രോ മാതൃകയാവുകയാണ്.
സ്വന്തമായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുകയും അതിൽ പങ്കുവെക്കുന്ന റീലുകളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്ന ഇന്ത്യയിലെ ഏക മെട്രോയാണ് കൊച്ചിയിലേത്. പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഒരു ലക്ഷം കടന്നിട്ട് മാസങ്ങളായി. പുതുവർഷത്തിൽ മെട്രോയിലും ഫീഡർ ബസുകളിലുമായി ഒന്നര ലക്ഷത്തോളം പേർ യാത്ര ചെയ്തു.
കഴിഞ്ഞ വർഷം 35 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. ദൈനംദിന നടത്തിപ്പ് ചിലവുകൾ മെട്രോ ഇപ്പോൾ സ്വന്തം വരുമാനത്തിൽ നിന്ന് കണ്ടെത്തുന്നുണ്ട്. ദിവസം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമ്പോൾ ശരാശരി 35 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. മെട്രോയുടെ ഒരു ദിവസത്തെ പ്രവർത്തന ചിലവ് നികത്താൻ ഈ തുക മതിയാകും. ഇതിനു പുറമെ പരസ്യങ്ങൾ, സോഷ്യൽ മീഡിയ, മറ്റു സേവനങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന തുകയാണ് ലാഭമായി കണക്കാക്കുന്നത്.
കാക്കനാട് ഇൻഫോപാർക്ക് ലൈൻ കൂടി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ കുതിപ്പ് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകും. നിർമ്മാണ വായ്പയുടെ തിരിച്ചടവ് വലിയൊരു വെല്ലുവിളിയാണെങ്കിലും, പ്രവർത്തന ലാഭമുണ്ടാക്കുന്ന രാജ്യത്തെ ചുരുക്കം മെട്രോകളിൽ ഒന്നായി മാറാൻ കൊച്ചിക്ക് സാധിച്ചു.