നായയെ പേടിച്ച് കൂറ്റൻ മരത്തിൽ കയറി ഉഗ്രവിഷമുള്ള പാമ്പ്; വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും നാട്ടുകാരുമെത്തി, പിന്നെ നടന്നത്

Saturday 10 January 2026 3:32 PM IST

അറുപത് അടി ഉയരമുള്ള മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം ചാക്കിലാക്കി. കോളിയൂർ ആർദ്രയിൽ ശിവ പ്രകാശിന്റെ വീട്ടിലാണ് സംഭവം. നായയെ ഭയന്നാണ് വീടിനോട് ചേർന്ന പ്ലാവിൽ മൂർഖൻ കയറിയത്.

ഉച്ചയ്ക്ക് 3.15ഓടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. വീട്ടുകാർ ആദ്യം സമീപത്തുള്ള പാമ്പ് പിടിത്തക്കാരനെ അറിയിച്ചു. ഇയാളെത്തിയെങ്കിലും മരത്തിന് മുകളിൽ ഇരുന്ന മൂർഖനെ പിടികൂടാൻ സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായം തേടി. ഫയർഫോഴ്സെത്തി ലാഡർ ഉപയോഗിച്ചെങ്കിലും പാമ്പ് മുകളിലേക്ക്കയറി. ഇതോടെ ആദ്യമെത്തിയ പാമ്പ് പിടിത്തക്കാരൻ ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോയി.

ഫയർഫോഴ്സ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പാമ്പിന്റെ ചിത്രം സഹിതം ഫയർഫോഴ്സ് വാവ സുരേഷിനെ വിവരമറിയിച്ചു. ഇതിനിടയിൽ നാട്ടുകാരും തടിച്ചുകൂടി. സ്ഥലത്തെത്തിയ വാവ സുരേഷിനെ കണ്ടതും ജനം ഇളകി, മരത്തിൽ കയറി പൈപ്പ് ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഏറ്റവും ഉയരെ ചെറു ചില്ലയിൽ ചുറ്റിവരിഞ്ഞിരുന്നു . ഒടുവിൽ വാവ സുരേഷിന്റെ നിർദേശപ്രകാരം മരം മുറിക്കാൻ തീരുമാനിച്ചു. രാത്രി 7.45ഓടെ മരം മുറിപ്പുകാരനെത്തി പാമ്പ് ചുറ്റിവരിഞ്ഞിരുന്ന ചില്ല മുറിച്ച് താഴെ വീഴാതെ കെട്ടിയിറക്കുകയായിരുന്നു. ചില്ലയിൽ ചുറ്റിവരിഞ്ഞ വലിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി, കാണുക ത്രില്ലടിപ്പിക്കുന്ന കാഴ്ച്ചകളുമായ് എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...