പതിറ്റാണ്ടുകൾ നീണ്ട സംഗീതാർച്ചന; മണ്ണിലിറങ്ങിയ ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ, യേശുദാസിന്റെ സ്വരമാധുരിയുടെ രഹസ്യം
മണ്ണിലിറങ്ങിയ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഇന്ന് 86-ാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രേംനസീറും സത്യനും തിളങ്ങിനിന്ന കാലം മുതൽ 2026ൽ യുവനടൻമാരിലെത്തി നിൽക്കുന്ന കാലംവരെയും യേശുദാസിന്റെ സ്വരമാധുരി മലയാളികൾക്ക് പ്രിയങ്കരമാണ്. കഴിഞ്ഞ കുറച്ചുകാലമായി പിന്നണി ഗാനരംഗത്ത് അദ്ദേഹം സജീവമല്ലെങ്കിലും മലയാളികൾക്കും സംഗീതത്തെ പ്രണയിക്കുന്നവർക്കും ഒരുയുഗം ഓർത്തടുക്കാനുള്ള ഗാനങ്ങളാണ് യേശുദാസ് സമ്മാനിച്ചിരിക്കുന്നത്.
ജനപ്രിയഗാനങ്ങളും ഭക്തിഗാനങ്ങളും ശാസ്ത്രീയസംഗീതവും യേശുദാസിന്റെ സ്വരമാധുരിയിൽ ഭദ്രമാണ്. എട്ടുതവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും 25 സംസ്ഥാന പുരസ്‌കാരങ്ങളുമാണ് അദ്ദേഹം ഇതുവരെ സ്വന്തമാക്കിയത്. വിവിധ ഇന്ത്യൻ ഭാഷകളിലായി അൻപതിനായിരത്തിലേറെ ഗാനങ്ങളാണ് യേശുദാസിന്റെ ശബ്ദത്തിലൂടെ ഒഴുകിയെത്തിയത്. ഒരേദിവസം നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 16 ചലച്ചിത്രഗാനങ്ങള്‍ വരെ റിക്കാര്‍ഡ് ചെയ്തെന്നത് യേശുദാസിന്റെ സംഗീതത്തിനോടുള്ള ആത്മസമർപ്പണത്തിനുള്ള തെളിവാണ്.
പുരസ്കാരങ്ങളും ആദരവുകളും തേടിയെത്തുന്നതിനുമുൻപുള്ള യേശുദാസിന്റെ ജീവിതത്തെക്കുറിച്ച് ഇതിനകം തന്നെ മലയാളികൾ പല അഭിമുഖങ്ങളിലൂടെയും അറിഞ്ഞുകാണും. സംഗീതരംഗത്ത് സഹായിക്കാനോ അവസരങ്ങൾ കണ്ടെത്താനോ പ്രതിസന്ധിയിൽ അകപ്പെട്ട ഒരു യേശുദാസ് മലയാളത്തിലുണ്ടായിരുന്നു.നിർദ്ധന കുടുംബത്തിൽ ജനിച്ച് പഠനം പൂർത്തിയാകാതെ പ്രതിസന്ധിയിൽപ്പെട്ട യുവാവാണ് ഇന്ന് ജനകോടികളെ ഒരുകുടകീഴിൽ നിർത്തിയിരിക്കുന്നത്.
ഇഷ്ടനിറം പച്ച പക്ഷെ വെള്ളയോട് കമ്പം
വെള്ള വസ്ത്രമണിഞ്ഞ യേശുദാസിനെയാണ് കേരളം കണ്ടിട്ടുള്ളത്. എന്തിനാണ് വെള്ള വസ്ത്രം ധരിക്കുന്നതെന്ന് അദ്ദേഹത്തോട് പല ആരാധകരും ചോദിച്ചിട്ടുണ്ട്. അതിന് യേശുദാസ് നൽകിയ ഉത്തരം നിറയെ കൗതുകമുണർത്തുന്നതായിരുന്നു. വാസ്തവത്തില്‍ പച്ചയാണ് എന്റെ ഇഷ്ടനിറം. കാരണം സസ്യങ്ങളോടും പ്രകൃതിയോടുമുളള സ്‌നേഹമാണ്. മനുഷ്യര്‍ പുറംതളളുന്ന അശുദ്ധവായു സ്വീകരിച്ച് നമുക്ക് നിലനില്‍ക്കാനുളള ശുദ്ധവായു തരുന്നത് അവരല്ലേ? അതിന് നാം അവരെ നമിക്കണം. പക്ഷെ വസ്ത്രം ധരിക്കുമ്പോള്‍ വെള്ള വസ്ത്രത്തോടൊണ് പണ്ടേ പ്രിയം. വിദേശത്ത് പൊതുവെ വെളളവസ്ത്രം ധരിക്കുന്നത് വധൂവരന്‍മാരാണ്. അതുകൊണ്ട് അവിടങ്ങളില്‍ പരിപാടിക്ക് പോകുമ്പോള്‍ കളര്‍ വസ്ത്രങ്ങള്‍ ധരിച്ചു. പിന്നെ എനിക്കത് ചേരുന്നില്ലെന്ന് കണ്ട് ഉപേക്ഷിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.
ഗാനഗന്ധർവന്റെ ശബ്ദരഹസ്യം
1968ൽ മദ്രാസിൽ നടന്ന യേശുദാസിന്റെ സംഗീതക്കച്ചേരി ചെമ്പൈ വൈദ്യനാഥ ഭാഗവതർ കേൾക്കാനിടയായി. യേശുദാസിനെ പൊന്നാടയണിയിച്ചുകൊണ്ടു പറഞ്ഞു അദ്ദേഹം പറഞ്ഞത്, ഞാൻ അൻപത് വർഷമായി പാടുന്നു. ഇത്രയും അത്ഭുതകരമായ ശബ്ദം കേട്ടിട്ടില്ലയെന്നാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനുള്ളിൽ പലവിധ പരിവർത്തനങ്ങളും യേശുദാസിന്റെ ശബ്ദത്തിൽ സംഭവിച്ചിട്ടുണ്ട്. ഓരോ പത്ത് വർഷത്തിലും യേശുദാസിന്റെ ശബ്ദം മാറിക്കൊണ്ടിരുന്നു. രണ്ടു കട്ടയിൽനിന്ന് മുക്കാൽ കട്ടയിലേക്കുള്ള ശ്രുതി വ്യതിയാനത്തിൽ പ്രായവും ഒരു പങ്കുവഹിക്കുന്നു.
അദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തിന്റെ ഭൗതികശാസ്ത്രപരമായ കാരണം ഹാർമോണിക് പ്രൊഫൈലാണ്. ഇതിനെ ശബ്ദത്തിന്റെ 'വിരലടയാളം' എന്നും വിളിക്കാം. ഒരേ ഈണം ഗിഥാറിലും പിയാനോയിലും വായിക്കുമ്പോൾ കേൾവിയിൽ വ്യത്യസ്തമാകുന്നത് അവയുടെ ഹാർമോണിക് പ്രൊഫൈൽ വ്യത്യസ്തമായതുകൊണ്ടാണ്. ഇതാണ് യേശുദാസിന്റെ ശബ്ദത്തെ സവിശേഷമാക്കുന്ന മുഖ്യഘടകമെന്നും പറയപ്പെടുന്നു.