കനാലോ കുപ്പത്തൊട്ടിയോ; കാത്തിരുന്നെത്തിയ കനാൽവെള്ളം ആരോഗ്യഭീഷണി ഉയർത്തുന്നു

Sunday 11 January 2026 12:04 AM IST

കോലഞ്ചേരി: കാത്തിരുന്ന് കാത്തിരുന്ന് കനാൽ വെള്ളമെത്തി. ഒപ്പം മലപോലെ മാലിന്യവും. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം പെരിയാർവാലി കനാലിൽ വെള്ളമെത്തിയതോടെ പാലങ്ങൾക്കിടയിൽ കുരുങ്ങുന്നത് കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കനാലുകളെ കുപ്പത്തൊട്ടിയാക്കി മാറ്റുന്ന മാലിന്യനിക്ഷേപം ഗുരുതര ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്.

മാലിന്യങ്ങൾ അടിഞ്ഞ ഭാഗങ്ങളിൽ രൂക്ഷമായ ദുർഗന്ധമുണ്ട്. വെള്ളമൊഴുക്ക് നിയന്ത്രിക്കുന്ന ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. അതോടൊപ്പം അറവുമാലിന്യം, അടുക്കളമാലിന്യം, ചത്ത മൃഗങ്ങൾവരെ ഒഴുകിയെത്തി അടിയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്തുചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കനാലുകൾ ഉപയോഗിക്കാൻ തുടങ്ങിയത് വലിയ ഭീഷണിയാണ്. ഇത് നീരൊഴുക്കിനെയും ബാധിക്കുന്നു. കനാലിന്റെ ഇരുകരകളിലുമുള്ള ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം പകർന്നുനൽകുന്നതും പെരിയാർവാലി കനാലുകളാണ്. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽനിന്നാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നത്. പ്രധാനകനാലിന്റെ എല്ലാ പാലങ്ങൾക്കടിയിലും ഇത്തരം മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് നാട്ടുകാർ പണിപ്പെട്ടാണ് ഒഴുക്കിക്കളയുന്നത്.

മാലിന്യദുരിതത്തിൽ നാട്ടുകാർ

* മാലിന്യത്താൽ ഏറെ ദുരിതമനുഭവിക്കുന്നത് കനാലിന്റെ തീരങ്ങളിൽ താമസിക്കുന്നവരാണ്

* പകർച്ചവ്യാധി ഭീഷണിക്കൊപ്പം കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധവും

* ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് കിണറുകളിലും വീടിന്റെ പരിസരങ്ങളിലും ഇടുന്നത് പതിവാണ്. രോഗഭീതി പരത്തുന്ന വൈറസുകളെപ്പറ്റിയുള്ള ആശങ്കയും ശക്തം

* പെരിയാർവാലി ഇറിഗേഷൻ വകുപ്പിനാണ് കനാലുകളുടെ ചുമതല

* പകർച്ചവ്യാധി ഭീഷണി നിലനിൽക്കുമ്പോൾ മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വിഭാഗവും നടപടി സ്വീകരിക്കുന്നില്ല

* നാലിൽ മാലിന്യം നിക്ഷേപിച്ചാൽ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാം

* മാലിന്യസംസ്കരണ ഓർഡിനൻസ് പ്രകാരം 1,000 രൂപ മുതൽ 50,000രൂപവരെ പിഴയും 6മാസംവരെ തടവും ശിക്ഷയുണ്ട്. ഇത് ജാമ്യമില്ലാത്ത കുറ്റമാണ്

പകർച്ചവ്യാധി ഭീഷണി നേരിടുന്ന ഡബിൾപാലം മേഖലയിൽ മാലിന്യം നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങും.

ഹനീഫ കുഴുപ്പിള്ളി, പ്രസിഡന്റ്, കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റി