ഇടുക്കിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി: ഉപ്പുതറയിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മത്തായിപ്പാറ എം.സി കവല സ്വദേശി മലയക്കാവിൽ സുബിൻ (രതീഷ് 43) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ രജനിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് അടിയേറ്റാണ് മരിച്ചത്. സുബിനാണ് അരുംകൊലയ്ക്ക് പിന്നിലെന്ന സംശയത്തിൽ ഇയാൾക്കുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് സുബിൻ.
സുബിനും രജനിയുമായി കുടുംബകലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പൊലീസ് കേസും ഉണ്ടായിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇവർ വീണ്ടും ഈ വീട്ടിൽ ഒരുമിച്ച് താമസം തുടങ്ങിയത്.
ചൊവ്വാഴ്ച ദമ്പതികളുടെ ഇളയ മകൻ സ്‌കൂളിൽ നിന്ന് വന്നപ്പോൾ രജനി അനക്കം ഇല്ലാതെ കിടക്കുന്നതു കണ്ടു. മകൻ, ഉടൻ പഞ്ചായത്ത് അംഗം ബിജു ചെബ്ലാവനെ വിവരം അറിയിച്ചു. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ രജനി തലയ്ക്ക് പരിക്കേറ്റ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. സുബിനും രജനിക്കും മൂന്നു മക്കളാണ്. മൂത്തമകൾ രേവതി ഡിഗ്രി വിദ്യാർത്ഥിനി, രണ്ടാമത്തെ മകൻ രതിൻ പ്ലസ് ടു, ഇളയ മകൻ രാജീവ് 10ാം ക്ലാസ് വിദ്യാർത്ഥി.