ഹൈക്കോടതി ഉത്തരവും അവഗണിച്ച് സർക്കാർ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തിക ഇനിയുമകലെ

Sunday 11 January 2026 12:31 AM IST
ഇംഗ്ളീഷ് ടീച്ചർ

നിർബാധം തുടർന്ന് താത്കാലിക നിയമനം

കൊച്ചി: സംസ്ഥാനത്തെ 600ലേറെ ഹൈസ്‌കൂളുകളിൽ ഇംഗ്ളീഷ് ടീച്ചർ (എച്ച്.എസ്.ടി) തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്താനുള്ള 2021ലെ ഹൈക്കോടതി ഉത്തരവ് നടപ്പാകുന്നില്ല. കെ.ഇ.ആർ പ്രകാരം ഇംഗ്ലീഷിനെ ഭാഷാവിഷയമായി കണക്കാക്കി 23 വർഷമായിട്ടും തുടരുന്ന ദുരവസ്ഥയിൽ ഇനി ആരെ സമീപിക്കണമെന്നറിയാത്ത അവസ്ഥയിലാണ് അദ്ധ്യാപകരും സംഘടനകളും.

ഹൈക്കോടതി വിധിയെത്തുടർന്ന് 2023 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചെങ്കിലും 2025ലും താത്കാലിക നിയമനങ്ങൾ തുടർന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ, സ്ഥിരനിയമനം നടത്താമെന്ന് സർക്കാർ അറിയിച്ചിരുന്നു.

2025 നവംബർ 4ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച്, 2024-25ലെ തസ്തിക നിർണയത്തിൽ എച്ച്.എസ്.ടി ഇംഗ്ലീഷിന് പീരിയഡ് അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്താനും അധിക തസ്തികകളിൽ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെ ഉൾപ്പെടുത്തിയ ശേഷമുള്ള ഒഴിവിൽ ദിവസവേതന നിയമനം നടത്താനുമാണ് തീരുമാനമെടുത്തത്. പക്ഷേ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താത്കാലിക നിയമനം തുടരുകയാണ്.

ചിറ്റമ്മനയം ഇംഗ്ലീഷിനോട് മാത്രം

മറ്റ് ഭാഷാവിഷയങ്ങൾക്കെല്ലാം സ്ഥിരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നുണ്ട്. ഇതിനെല്ലാം സാമ്പത്തികമുണ്ടെന്നിരിക്കേ, എച്ച്.എസ്.ടി ഇംഗ്ലീഷിനു മാത്രം താത്കാലിക തസ്തിക സൃഷ്ടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ധ്യാപകർ പറയുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റുള്ളപ്പോൾ താത്കാലിക നിയമനം പാടില്ലെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. പല ജില്ലകളിലും ഒന്നാം റാങ്കുകാരനുപോലും നിയമനം ലഭിച്ചിട്ടില്ല. കേരളത്തിലെ ഭൂരിഭാഗം സർക്കാർ സ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ബിരുദവും ബി.എഡും നേടിയവരല്ല, മറ്റു വിഷയങ്ങളിലെ അദ്ധ്യാപകരാണ്.

2021ലെ ഹൈക്കോടതി വിധി:

നാലാഴ്ചയ്ക്കകം എല്ലാ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കണം.

 ഇംഗ്ലീഷിനെ ഭാഷാവിഷയമായി അംഗീകരിച്ച്, പിരിയഡ് അടിസ്ഥാനത്തിൽ സ്ഥിരം തസ്തിക സൃഷ്ടിക്കണം

ഇംഗ്ലീഷിനെ ഭാഷാവിഷയമായി അംഗീകരിച്ച് സ്ഥിരം തസ്തിക സൃഷ്ടിച്ചു നിയമനം നടത്താൻ സർക്കാർ അടിയന്തരമായി തയാറാകണം. ടി.കെ.എ. ഷാഫി ജനറൽ സെക്രട്ടറി

കെ.എസ്.ടി.എ

ഇംഗ്ലീഷ് അദ്ധ്യാപകരുടെ സ്ഥിരം നിയമനം നടത്താത്ത തീരുമാനം പുനഃപരിശോധിക്കണം. കെ. അബ്ദുൾ മജീദ് സംസ്ഥാന പ്രസിഡന്റ് കെ.പി.എസ്.ടി.എ