"അയ്യപ്പൻ കെജിഎഫിലെ റോക്കി ഭായ് ആണെന്ന് കരുതരുത്, എന്റെ നേരെ വിരൽ ചൂണ്ടിയാൽ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയുമല്ല"

Saturday 10 January 2026 4:47 PM IST

തിരുവനന്തപുരം: അയ്യപ്പൻ കെജിഎഫിലെ റോക്കി ഭായ് ആണെന്ന് കരുതരുതെന്ന് രാഹുൽ ഈശ്വർ. എന്റെ നേരെ നീ വിരൽ ചൂണ്ടിയാൽ നിന്റെ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയല്ല അയ്യപ്പൻ. അയ്യപ്പൻ രൗദ്രമൂർത്തിയല്ലെന്നും ശാന്തമൂർത്തിയാണെന്നും രാഹുൽ പറഞ്ഞു. 'പല ആൾക്കാരും പഞ്ച് ഡയലോഗിന് വേണ്ടി പറയാറുണ്ട്, അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന്. അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്. അയ്യപ്പൻ ഒരു മാഫിയ ഡോൺ ഒന്നുമല്ല. നമ്മുടെ ദൈവസങ്കൽപങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.

അയ്യപ്പനൊരു ശാന്തമൂർത്തിയാണ്. താന്ത്രികമായി പറഞ്ഞാൽ അയ്യപ്പൻ ഒരു രൗദ്ര മൂർത്തിയല്ല. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലിരിക്കുന്ന, യോഗ ഭാവത്തിലിരിക്കുന്ന ദൈവസങ്കൽപമാണ്. അല്ലാതെ അയ്യപ്പൻ കെജിഎഫിലെ റോക്കിഭായിയുടെ ഭാവത്തിൽ, എന്റെ നേരെ നീ വിരൽ ചൂണ്ടിയാൽ നിന്റെ കൈ വെട്ടുമെന്ന് പറയുന്ന വ്യക്തിയല്ല. ഇതൊക്കെ നമ്മുടെതായ ഇമോഷൻവച്ച് പറയുന്നതാണ്.

അയ്യപ്പ് ഒരു രാഷ്ട്രീയ പാർട്ടിയോടും വിരോധവുമില്ല, ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് പണി കൊടുക്കാനും പോകുന്നില്ല. നമ്മുടെ വിശ്വാസമനുസരിച്ച് നമുക്ക് ഇതൊക്കെ പറയാം. ശബരിമലയിൽ യുവതികളെ കയറ്റിയത് തെറ്റ് തന്നെയായിരുന്നു. അന്ന് യുവതികളെ കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന ആരുടെയെങ്കിലും ബന്ധുക്കളെയോ മുഖ്യമന്ത്രിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ വിഷയം തീർന്നു. നമ്മൾ അതിൽ ജയിച്ചു. വിശ്വാസികൾ ആ വിഷയത്തിൽ ജയിച്ചു, അത് തീർന്നു. പ്രതികാരമല്ല ദൈവത്തിന്റെ മാർഗം.

തന്ത്രിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. എനിക്ക് പേടിയുള്ളത്, വരും ദിവസങ്ങളിൽ പ്രഷർ മൂത്ത് ശങ്കർദാസ് സാറിനെ അറസ്റ്റ് ചെയ്യുമോയെന്നതാണ്. പ്രായമായവരല്ലേ, ജയിലിൽ കിടക്കുന്നത് വളരെ മെനക്കേടുള്ള കാര്യമാണ്.

നിയമസംവിധാനങ്ങളുടെ ദുരുപയോഗം നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നമാണ്. രണ്ട് ദിവസം അവൻ അകത്ത് കിടക്കണമെന്ന് ചിന്തിക്കുന്നത് നമ്മുടെ മനസിലെ ദേഷ്യമാണ്. ദൈവത്തെയോർത്ത് അയ്യപ്പൻ അങ്ങനെ കൊടുക്കുന്നതാണെന്ന് പറയരുത്. അയ്യപ്പൻ ഒരു അക്കൗണ്ടുവച്ച് എല്ലാവരോടും പ്രതികാരം തീർക്കുന്ന രൗദ്രമൂർത്തിയല്ല. '- രാഹുൽ ഈശ്വർ പറഞ്ഞു.