തന്ത്രിക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും; മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ മെഡിക്കൽ കോളേജിലെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തു. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലായിരുന്ന അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടത്തെ പരിശോധനകൾക്കുശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളേജിൽ മെഡിസിൻ വകുപ്പിന്റെയും കാർഡിയോളജി വിഭാഗത്തിന്റെയും മേധാവികളാണ് തന്ത്രിയെ പരിശോധിച്ചത്.
ഇവരുടെ ശുപാർശ അനുസരിച്ചാണ് തന്ത്രിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ വിശദമായ റിപ്പോട്ട് വന്നതിനുശേഷമേ ഡിസ്ചാർജ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ. തന്ത്രിക്ക് ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നു രാവിലെ ജയിലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഡോക്ടറെ കാണണമെന്ന് തന്ത്രി ആവശ്യപ്പെടുകയായിരുന്നു. ജയിലിൽ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും 12 മണിയോടെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം, കണ്ഠരര് രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടി പ്രത്യേക പരിശോധന നടത്തി. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്വർണപ്പണിക്കാരനെയും തന്ത്രിയുടെ വീട്ടിൽ എത്തിച്ചായിരുന്നു പരിശോധന.