കവിത മോക്ഷം
Sunday 11 January 2026 3:54 AM IST
അകമറിയാ പൊരുളിൽ
പൊരുളറിയാം അകം
അരുൾവാക്കിൽ തിരയുന്നു
പരമാർത്ഥ സത്യം
പൊരുളറിയാ കർമങ്ങളിൽ
ഇഹലോക വാസം
അതിൽ അഹമെന്ന ഭാവം
നിറയുമ്പോൾ ഭാരം
പ്രണവത്തിൽ കുടികൊള്ളും
പഞ്ചാക്ഷര തത്ത്വം
അകം തേടും പൊരുളിന്റെ
ഉയിരാകും തത്വം
തത്വത്തെ അറിയുമ്പോൾ
നേടുന്നത് ധ്യാനം
ധ്യാനത്തിൽ ലയിക്കുമ്പോൾ
ഉണരുന്നു സത്യം
സത്യം തെളിയുമ്പോൾ
അകമെല്ലാം ശൂന്യം
ശൂന്യത്തിൽ അകലുന്നു
അഹമെന്ന ഭാവം
ഭാവം അകലുമ്പോൾ
തെളിയുന്നു ജ്ഞാനം
ജ്ഞാനത്താൽ നേടുന്നത്
സത്യമാം പൊരുളും
പൊരുൾ അറിഞ്ഞ അകം
തെളിക്കുന്നത് മാർഗം
മാർഗം അറിയുമ്പോൾ
തെളിയുന്നു മുക്തി
മുക്തിക്കു ശേഷം
പരമാർത്ഥ മോക്ഷം!