നേർവിളക്ക് പേരൂർ അനിൽകുമാർ
Sunday 11 January 2026 3:00 AM IST
സ്ത്രീയിന്ന്
വേടന്റെ കൈയിലെ പക്ഷി
സ്വതന്ത്രയാകാൻ
പിടയുന്ന പക്ഷി
അവളിലെയമ്മയെ
ഭാര്യയെ, സോദരിയെ
അവൻകണ്ടില്ല!
കണ്ടതവളുടെയംഗലാവണ്യം
വേടന്റെ തീച്ചൂളയിൽ
അവളുടെ ശരീരം
വെന്തമരുന്നു.
കരിയുന്ന ഗന്ധം,
ദുഷ്ടനായ വേടൻ ചിരിക്കുന്ന
ചതിയുടെ ചിരി,
തൻ കാന്തനെ
അരുമയാം മക്കളെ
നെഞ്ചേറ്റ് ലാളിച്ചവൾ
വാത്സല്യമേവർക്കുമേകി
ഉലയിലൂതി പഴുപ്പിച്ചവൾ!
നിൻ കണ്ണീർ മുത്തുകൾ
അടർന്നീ മണ്ണിൽ
ചോരച്ചുവപ്പായ് ചാലിച്ചവൾ
നിൻമിഴികളെന്തെ നനഞ്ഞിരിപ്പൂ,
നിൻ മന്ദഹാസങ്ങളിന്നെവിടെ?
കരുണ വറ്റാത്ത മാനസച്ചെപ്പിൽ
കനിവുകൾ തേടിയലഞ്ഞവൾ
ലോകത്തിനെന്നും
വെളിച്ചമേകാൻ
ഇരുട്ടിനെ മാറ്റി പാത തെളിച്ചവൾ
മുള്ളിൽ കുരുത്ത പനിനീർപ്പൂവായ്
എന്നും സുഗന്ധം പകർന്നവൾ
എന്നെന്നുമുള്ളിൽ
നെയ്‌വിളക്കായവൾ
നിത്യം ജ്വലിക്കുന്ന
നേർവിളക്കായവൾ.