ഭരണഘടനയുടെ 'ശ്രീകോവിലി'ൽ നിയമ മന്ത്രമുരുവിടാൻ ശ്രീകാന്ത് തന്ത്രി
കൊച്ചി: ക്ഷേത്ര ശ്രീകോവിലുകളിൽ മന്ത്രങ്ങളുരുവിട്ട ശ്രീകാന്ത് തന്ത്രിയുടെ ശബ്ദം ഇനി കോടതി മുറികളിലും മുഴങ്ങും. പരാധീനതകൾക്കിടയിലും പടിപടിയായി ജീവിതം പടുത്തുയർത്തിയ പറവൂർ കൊട്ടുവള്ളിക്കാട് തൈക്കൂട്ടത്തിൽ ടി.ആർ. ശ്രീകാന്ത് തന്ത്രി അഭിഭാഷകനായി സന്നതെടുത്തു. ഇന്നലെ ഹൈക്കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിലായിരുന്നു എൻറോൾമെന്റ്.
സാധാരണ കുടുംബത്തിൽ ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ച ശ്രീകാന്ത് സർക്കാർ വിദ്യാലയങ്ങളിലാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്. തുടർന്ന് തിരുപ്പതി സർവകലാശാലയിൽ നിന്ന് ശാസ്ത്രി ബിരുദം നേടിയ ശേഷമാണ് അരുണാചൽ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നത്.
ചെറുപ്പം മുതൽ താന്ത്രിക വിദ്യയിലും ജ്യോതിഷത്തിലും വാസ്തുശാസ്ത്രത്തിലും ശ്രീകാന്ത് പ്രാവീണ്യം നേടിയിരുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലുമുള്ള തന്ത്രി സ്ഥാനം നിലനിറുത്തിക്കൊണ്ട് അഭിഭാഷക ജോലിയിൽ മുന്നേറാനാണ് തീരുമാനം. കൊട്ടുവള്ളിക്കാട് ആലുങ്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ദീർഘകാലം മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ 38 ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്. മുംബയിലുൾപ്പടെ കേരളത്തിന് പുറത്തും ക്ഷേത്രങ്ങളിൽ തന്ത്രിയാണ്. പറവൂർ ശ്രീധരൻ തന്ത്രി, അയ്യമ്പിള്ളി എം.ജി. ധർമ്മൻ തന്ത്രി, പൂഞ്ഞാർ കാർത്തികേയൻ തന്ത്രി എന്നിവരായിരുന്നു ഗുരുക്കന്മാർ.
മറ്റ് മേഖലകളിലും പഠനം തുടരാനാണ് ശ്രീകാന്തിന്റെ ആഗ്രഹം. ഭാര്യ ഷെറി കളമശേരി പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറാണ്. ശ്രീലക്ഷ്മീകാന്ത്. ശ്രീഗൗരീകാന്ത് (എസ്.എസ്.എൽ.സി വിദ്യാർത്ഥിനി) എന്നിവർ പെൺമക്കളാണ്.