റിയ തന്നെ ഡെലൂലു പ്രഭേന്ദുവിന് കിട്ടിയ പുതുമ ഡെലൂലുവിനും കിട്ടി.
മനുഷ്യരെ കണ്ടു പേടിക്കുന്ന ഒരു പാവം പ്രേതം!
ക്യൂട്ടും ക്രിഞ്ചും ആണ് ഡെലൂലു. മലയാള സിനിമയിൽ സമീപകാല ചരിത്രത്തിൽ ജെൻ സീകൾ കൂട്ടത്തോടെ ചേർത്തുപിടിച്ച സുന്ദരിക്കുട്ടി. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഡെലൂവിനെ വീട്ടിൽ കൊണ്ടുപോകാൻ തോന്നി. നിവിൻ പോളി നായകനായി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച സർവ്വം മായയിൽ ഡെലൂലു ആയി എത്തി മിന്നും പ്രകടനം കാഴ്ചവച്ച റിയ ഷിബു വരുന്നത് സിനിമാകുടുംബത്തിൽനിന്ന്. ചലച്ചിത്ര നിർമ്മാതാവ് ഷിബു തമ്മീൻസിന്റെ മകൾ. സഹോദരൻ ഹൃദുഹാറൂൺ റിയയ്ക്ക് മുൻപേ സിനിമയിലേക്ക് ടിക്കറ്റ് എടുത്തു. സിനിമയുടെ മുറ്റത്ത് കൂടുതൽ തിളങ്ങാൻ ഒരുങ്ങുന്ന റിയ ഷിബു സംസാരിക്കുന്നു.
ഡെലൂലുവിനെ ഒളിപ്പിച്ച് വച്ചത് പ്രേക്ഷകർക്ക് ഇഷ്ടം കൂടാൻ കാരണമായോ ? ഇത് അഖിൽ ചേട്ടന്റെ ആശയം ആയിരുന്നു. എന്നെ കാസ്റ്റ് ചെയ്തത് മുതൽ സിനിമ റിലീസാകുന്നത് വരെ ഡെലൂലു ഉണ്ടെന്ന് ആരുമറിയാൻ പാടില്ലെന്ന് തീരുമാനിച്ചു. ഒരു പുതുമ കിട്ടാനും പ്രേക്ഷകർക്ക് സർപ്രൈസ് നൽകാനുമാണ് ഉദ്ദേശിച്ചത് . പ്രേക്ഷകരെ അത്രമാത്രം സർപ്രൈസാക്കുകയാണ് അഖിൽ ചേട്ടന്റെ ലക്ഷ്യം. പ്രഭേന്ദുവിന് കിട്ടിയ പുതുമ ഡെലൂലുവിനും ലഭിച്ചു. കഥ പറഞ്ഞപ്പോൾ ഞാനിങ്ങനെയായിരിക്കും സംസാരിക്കുന്നതെന്ന് അഖിൽ ചേട്ടനോട് പറഞ്ഞു. കഥാപാത്രവുമായി നല്ല സാമ്യമുണ്ടെന്ന് തോന്നി . ഓഡിഷൻ കണ്ടപ്പോൾ സത്യൻ സാർ തന്നെ പറഞ്ഞു, ഇതാണ് നമ്മുടെ പ്രേതമെന്ന്. സത്യൻ സാർ അങ്ങനെ പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി. എത്രയോ അടിപൊളി സിനിമകൾ ചെയ്ത് എത്രയോ പേരെ പരിചയപ്പെടുത്തിയ ആളാണ് . അങ്ങനെയൊരാൾ പറയുന്നത് 'വൗ" ആയി തോന്നി. എന്നേക്കാൾ ആത്മവിശ്വാസം സത്യൻ സാറിനും അഖിൽ ചേട്ടനുമായിരുന്നു. അവരെന്നെ അത്രമാത്രം വിശ്വസിച്ചു.
നിവിൻ പോളിയാണ് നായകനെന്ന് എപ്പോഴാണ് അറിയുന്നത് ? ആദ്യമേ അറിയാമായിരുന്നു. ഞാൻ നിവിൻ പോളിയുടെ വലിയൊരു ഫാനാണ്. ഒപ്പം അഭിനയിക്കുന്നതിന്റെ ആകാംക്ഷ ഉണ്ടായിരുന്നു. നിവിൻ ചേട്ടനുമായി കോംബോ ഏറെ ആസ്വദിച്ചു. ആദ്യത്തെ ഒന്നുരണ്ടു ദിവസം നിവിൻചേട്ടനോട് സംസാരിച്ചില്ല,ചമ്മലായിരുന്നു. പിന്നെ ഒരുമിച്ച് ഒരു സീൻ ചെയ്തപ്പോൾ ചിരിക്കാൻ തുടങ്ങി. സംസാരിച്ച് തുടങ്ങിയപ്പോൾ എല്ലാം ഓക്കെ. ഫ്രണ്ട്ലി വൈബുണ്ടായിരുന്നു. നിവിൻചേട്ടന്റെ ആ കംഫർട്ട്, സ്ക്രീനിലും കാണാൻ സാധിച്ചു.
പ്രേതം എന്ന് തോന്നിപ്പിക്കാതെ എങ്ങനെ കഥാപാത്രമായി മാറാൻ സാധിച്ചു ? അഖിൽ ചേട്ടന്റെ ഫുൾ ഹാർട്ടാണ് സർവ്വം മായ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ തെളിഞ്ഞിരിക്കുന്നത്. ടെക്നിക്കൽ ടീമിന്റെ പരിശ്രമവും ഡെലൂലുവിനെ മനോഹരമാക്കി മാറ്റി. ഡെലൂലു എന്ന പേര് പോലും എല്ലാവരും ഏറ്റെടുത്തു, സത്യത്തിൽ റിയ തന്നെയാണ് ഡെലൂലു. ഞാനെന്ത് പറഞ്ഞാലും അഖിൽ ചേട്ടൻ അതിനെ പിന്തുണച്ചു. ക്രിയാത്മകമായി പോലും ഇടപെടാൻ അവസരം ലഭിച്ചു. റിയ ഷിബു എങ്ങനെയാണോ അങ്ങനെ സംസാരിച്ചാൽ മതിയായിരുന്നു.
സമൂഹമാദ്ധ്യമങ്ങളിൽ ഫോളോവേഴ്സിന്റെ ഇഷ്ടവും എണ്ണവും കൂടിയോ ? ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കൂടി. വലിയ പ്രശസ്തിയും കമന്റ്സും ലഭിച്ചു. സിനിമ കണ്ടവർ സ്നേഹത്തോടെ വന്ന് സംസാരിക്കുന്നു.അപ്പോൾ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
കപ്പ് സിനിമയിൽ നിന്ന് മായ മാത്യൂസിലേക്ക് നല്ല ദൂരമുണ്ടല്ലേ ? കപ്പിൽ അഭിനയിച്ച ശേഷം കോളേജിലേക്ക് പോകുകയായിരുന്നു. ആ സമയം പഠനം തന്നെ മുഖ്യം . ഏതെങ്കിലും കഥ വന്നാൽ പപ്പയേയോ, ഉമ്മയേയോ വിളിക്കും. അവസാന വർഷമായപ്പോൾ ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് ഉണ്ടാക്കാൻ തുടങ്ങി . പിന്നീട് ഏതാനും സിനിമകളുടെ കഥകൾ കേട്ടു. ഇതിനിടെ സിനിമകൾ നിർമ്മിച്ചു. അതുകഴിഞ്ഞാണ് സർവ്വം മായ.
ചെറുപ്രായത്തിൽ തന്നെ പ്രശസ്തി. ഉത്തരവാദിത്വം കൂടുന്നുണ്ടോ ? റിയ ഇപ്പോൾ പഴയ ആളല്ലല്ലോ, എന്ന് പറയുമ്പോൾ എനിക്കത് ഉൾക്കൊള്ളാനാകുന്നില്ല . ഇപ്പോഴും ഞാൻ ആ ഉത്തരവാദിത്വത്തെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതും സ്വീകരിക്കുന്നതും പ്രേക്ഷകരാണ്. അപ്പോൾ എന്തായാലും പ്രേക്ഷകരോടൊരു കടപ്പാട് ഉണ്ടാവണം. സിനിമ നിർമ്മിക്കുന്നത് ഭാരിച്ചതും വലിയ ഉത്തരവാദിത്വം നിറഞ്ഞ ജോലിയുമാണ്. കുറച്ചുകൂടി മനസിലാക്കി, പഠിച്ച ശേഷം മാത്രമേ ഇനി ഏറ്റെടുക്കൂ എന്നാണ് തീരുമാനം.
ഇനി ബിഗ് സ്ക്രീനിൽ കാണാൻ ഓണം വരെ കാത്തിരിക്കണോ ? ആയിരിക്കാം. അതിന് മുൻപ് വേറെന്തെങ്കിലും സിനിമ വരുമോ എന്ന് അറിയില്ല, എങ്കിലും ഓണം ഇപ്പോഴിങ്ങെത്തുമല്ലോ. കണ്ണടച്ചു തുറക്കും വേഗത്തിൽ അതിരടി എത്തും.
ഒരു വീട്ടിൽ നിന്ന് നായകനും നായികയും വരുമെന്ന് പ്രതീക്ഷിച്ചതാണോ ? ചേട്ടനാണ് എന്നും അഭിനയം സ്വപ്നം കണ്ടത്. നടൻ ആകുമെന്ന് എല്ലാവരോടും പറയുമായിരുന്നു . എല്ലാവരും ചേട്ടന്റെ അഭിനയത്തെക്കുറിച്ച് പറയാറുണ്ട്. നല്ലൊരു നടൻ ആണ് ചേട്ടൻ. ഞാൻ വന്നത് തീരെ പ്രതീക്ഷിക്കാതെയാണ്. എനിക്ക് താത്പര്യമുണ്ടായിരുന്നു, ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ആളാണ് ഞാൻ. പെട്ടെന്ന് ഞാൻ സിനിമയിൽ വന്നപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടു.
വാമ്പയർ സിനിമകൾ കാണാറുണ്ടോ ? ഫാന്റസി ചിത്രങ്ങൾ ഇഷ്ടമാണ്. ടൈം ട്രാവൽ, സൂപ്പർപവർ, ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഇഷ്ടമാണ്. ഫാന്റസി, കാർട്ടൂൺ, ഡിസ്നി കഥാപാത്രങ്ങൾ കിട്ടിയാൽ എന്തായാലും ചെയ്യും. റൊമാന്റിക് - കോമഡി കഥാപാത്രങ്ങൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്.