മംഗലം പാലത്ത് റോഡ് മുറിച്ച് കടക്കാൻ മേൽപ്പാലം വേണം
ബസുകൾ യാത്രക്കാരെ ഇറക്കുന്നത് ഹൈവേയിൽ
വടക്കഞ്ചേരി: മംഗലം പാലം മേഖലയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഓവർബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർക്ക് ജീവൻ കൈയിൽ പിടിച്ചുനിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇവിടെ ബസ് സ്റ്റാൻഡും സുരക്ഷിതമായ ബസ് സ്റ്റോപ്പുകളും ഇല്ല. ബസുകളാകട്ടെ സർവീസ് റോഡിൽ കയറാതെ ദേശീയപാതയിൽ തന്നെ നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മുടപ്പല്ലൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ, പാലക്കാട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ വ്യക്തമായി കാണാൻ കഴിയാത്തതും വലിയ ഭീഷണിയാണ്. വാഹനങ്ങളുടെ അതിവേഗത കണക്കാക്കി സുരക്ഷിതമായി റോഡ് കടക്കാൻ പലർക്കും കഴിയുന്നില്ല. ഒരാഴ്ചയ്ക്കിടെ ഇവിടെ രണ്ട് അപകട മരണങ്ങളാണുണ്ടായത്. ഇതോടെ പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മനുഷ്യജീവന് വില നൽകാൻ അധികൃതർ തയ്യാറായിരുന്നെങ്കിൽ ഇതിനകം പൊലിഞ്ഞുപോയ നിരവധി ജീവനുകൾ രക്ഷിക്കാനാവുമായിരുന്നു എന്നതാണ് നാട്ടുകാരുടെ വികാരം. സർവീസ് റോഡ് ഉണ്ടായിട്ടും ബസുകൾ ദേശീയപാതയിൽ തന്നെ നിറുത്തുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഈ സാഹചര്യത്തിൽ മംഗലം പാലം മേഖലയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നും, ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഓവർബ്രിഡ്ജ്, സുരക്ഷിത ബസ് സ്റ്റാൻഡ്, സ്ഥിരം പൊലീസ് നിരീക്ഷണം എന്നിവ നടപ്പാക്കിയാൽ മംഗലം പാലം പ്രദേശത്തെ അപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.