പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചങ്ങലക്കൊള്ള
പാലക്കാട്: ഒലവക്കോട്(പാലക്കാട്) ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് സ്ഥലത്തു പണം അടച്ചു നിറുത്തിയിടുന്ന ഇരുചക്ര വാഹനങ്ങൾ ചങ്ങലക്കിടുന്നത് പതിവാകുന്നതായി യാത്രക്കാരുടെ പരാതി. റെയിൽവേ സുരക്ഷാ സേനയുടെ(ആർ.പി.എഫ്) ഈ വിചിത്ര നടപടിയിൽ സഹികെട്ടിരിക്കുകയാണ് യാത്രക്കാരും വാഹന ഉടമകളും. രാത്രിയായാലും പകലായാലും നിമിഷ നേരത്തിനുള്ളിലാണ് ചങ്ങലയിട്ട് പൂട്ടുന്നത്. വൈകിയെത്തിയ ഒരു സെക്കൻഡിന് പോലും ആർ.പി.എഫ് ഓഫീസിലെത്തി 200 രൂപ പിഴ നൽകേണ്ട അവസ്ഥയാണ്. പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞാൽ നിർദ്ദേശിക്കുന്ന ദിവസം രാവിലെ മുതൽ വരിനിൽക്കണം. തൽക്കാലത്തേക്ക് വാഹനം നിറുത്തിയിടാനുള്ള ഇടങ്ങളെല്ലാം ബാരിക്കേഡും കയറും നിരത്തിയിരിക്കുകയാണ്. അധിക നിരക്ക് ഈടാക്കുന്ന പാർക്കിംഗിന് കരാറുകാർക്ക് ലാഭമുണ്ടാക്കാൻ ഉത്സാഹിക്കുന്ന റെയിൽവേ നടപടിയിൽ ഗതിമുട്ടിയിരിക്കുകയാണ് യാത്രക്കാർ. ഭിന്നശേഷിക്കാരുടെ വാഹനങ്ങൾ പോലും ഇത്തരത്തിൽ ചങ്ങലക്കിടുന്നുവെന്നാണ് ആക്ഷേപം. നാല് മാസത്തിനുള്ളിൽ നാല് തവണയാണ് ഒരു ഭിന്നശേഷിക്കാരന്റെ വാഹനം ഇത്തരത്തിൽ അകാരണമായി പൂട്ടിയിട്ടത്.
സ്ഥലം അടച്ച് റെയിൽവേ സുരക്ഷാ സേന
യാത്രക്കാരെ കൊണ്ടുവിടാനായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ തൽക്കാലത്തേക്കു നിറുത്തിയിടുന്ന സ്ഥലം അടച്ച് റെയിൽവേ സുരക്ഷാ സേന. യാത്രക്കാരെ കൊണ്ടുവിടാനെത്തുന്ന വാഹനങ്ങൾ കുറച്ചു നേരം പോലും നിറുത്തിയിടരുതെന്നാണ് ആർ.പി.എഫിന്റെ നിർദേശം. യാത്രക്കാരെ ഇറക്കിയാൽ അപ്പോൾ തന്നെ മടങ്ങണം. ലഗേജ് പ്ലാറ്റ്‌ഫോമിലേക്കു കൊണ്ടുകൊടുക്കാൻ നിന്നാൽ വാഹനം അത്രയും സമയം അനധികൃതമായി പാർക്ക് ചെയ്തതിന് 500 രൂപ പിഴ അടയ്‌ക്കേണ്ടിവരും. പിന്നെ കേസും. പ്രായമായവരെയും കുട്ടികളെയും കൊണ്ടുമെല്ലാം എത്തുന്നവരാണ് ഇതുമൂലം ദുരിതത്തിലായത്. ലഗേജ് പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ ഒപ്പം പോയാൽ ആർ.പി.എഫ് പിഴയിടും. അതല്ലെങ്കിൽ ഏതാനും മിനിറ്റ് വാഹനം നിറുത്തിയിടാൻ വലിയ തുക കൊടുത്തു പാർക്കിംഗ് ഏരിയ ഉപയോഗിക്കാനാണു നിർദേശം.