അയ്യന്റെ പൊന്നിൽ തന്ത്രി കൈവച്ചു, സ്വർണപ്പാളി ഇളക്കാൻ തുടക്കമിട്ടത് തന്ത്രിയെന്നും എസ്.ഐ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി. ദ്വാരപാലക ശില്പങ്ങളിൽ അനുജ്ഞാകലശം നടത്തി സ്വർണപ്പാളികൾ ആദ്യം ഇളക്കിയത് തന്ത്രിയാണ്. അതിനിടെ, പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലായ തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇ.സി.ജിയിൽ വ്യതിയാനം കണ്ടതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാർഡിയോളജി, മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ചെങ്ങന്നൂരിലെ വീട്ടിൽ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി റെയ്ഡും നടത്തി.
ക്ഷേത്രത്തിലെ ഏതു കാര്യത്തിലും അവസാനവാക്ക് തന്ത്രി ആയതിനാൽ ബോർഡിനും ഉദ്യോഗസ്ഥർക്കുമൊപ്പം തുല്യപങ്കാളിത്തം സ്വർണക്കൊള്ളയിലുണ്ടെന്നാണ് കണ്ടെത്തൽ. പോറ്റി, പത്മകുമാർ, തന്ത്രി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും. സ്വർണക്കൊള്ളയിൽ തന്ത്രിക്ക് സാമ്പത്തികനേട്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ഇ.ഡിക്ക് വിവരങ്ങൾ കൈമാറും.
ദ്വാരപാലക ശില്പങ്ങളിലെ പാളികൾ എടുത്തുനൽകിയതിലും ശ്രീകോവിലിന്റെ വാതിൽ മാറിയതിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. കൊടിമരം സ്വർണംപൂശിയതിലെ സ്പോൺസർഷിപ്പും സംശയമുനയിലാണ്. ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ ദ്വാരപാലക ശില്പക്കേസിൽ പ്രതിചേർത്ത് റിപ്പോർട്ട് നൽകും.
ശില്പങ്ങളിലെ സ്വർണപ്പാളിക്ക് ശോഭ മങ്ങിയെന്നും ഭക്തർ നാണയമെറിഞ്ഞ് ചുളിവുകൾ വീണെന്നും ചൂണ്ടിക്കാട്ടി അറ്റകുറ്റപ്പണിക്ക് നിർദ്ദേശിച്ചത് തന്ത്രിയെന്നാണ് കണ്ടെത്തൽ. ശില്പപ്പാളികൾ പുറത്തേക്ക് കൊണ്ടുപോവാൻ അനുമതിയും നൽകിയിരുന്നു. സ്വർണം പൂശി തിരിച്ചെത്തിച്ചപ്പോഴും അനുജ്ഞാകലശം നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമ്മൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്. കൊടിമരത്തിലെ തങ്കംപൊതിഞ്ഞ വാജിവാഹനം കൈവശപ്പെടുത്തി വീട്ടിലേക്ക് കൊണ്ടുപോയതിന് മോഷണക്കേസെടുക്കാനും നീക്കമുണ്ട്.
വാജിവാഹനം കടത്തി,
കൊള്ള പുറത്തായപ്പോൾ തിരിച്ചെടുത്തു
2017ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയതിലുണ്ടായിരുന്ന വാജിവാഹനം കൊണ്ടുപോയെന്നാണ് കണ്ടെത്തൽ. തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ്, ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. വാജിവാഹനം തിരികെ കൈപ്പറ്റണമെന്ന് ബോർഡിന് തന്ത്രി കത്ത് നൽകിയെങ്കിലും തീരുമാനമെടുത്തിരുന്നില്ല. തന്ത്രിയുമായി ഉറ്റബന്ധമുള്ള മൂന്നുപേർ കൂടി സംശയനിഴലിലാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
വാതിലിലെ രണ്ടര കിലോ
സ്വർണം 40 പവനായി
ശ്രീകോവിലിന്റെ വാതിൽ മാറ്റിയതിലെ തട്ടിപ്പും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. 1998ൽ രണ്ടരകിലോയിലേറെ സ്വർണമുപയോഗിച്ചാണ് ശ്രീകോവിൽ വാതിൽ പൊതിഞ്ഞിരുന്നത്. ഇതിന് തിളക്കം മങ്ങിയെന്നും എലി കയറുന്നെന്നും കാരണമുണ്ടാക്കി 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി പഴയ വാതിൽമാറ്റി പുതിയത് നൽകി. ഇതിൽ കേവലം 40പവൻ സ്വർണമാണ് പൂശിയതെന്നാണ് വിവരം.
സ്വർണംപൊതിഞ്ഞ കതകാണ് പോറ്റിക്ക് നൽകിയതെങ്കിലും മഹസറിലുള്ളത് വെറും കതക് പാളികളെന്നാണ്. പോറ്റിയുടെ സ്പോൺസർഷിപ്പിൽ തേക്ക്തടിയിൽ പണിത് ചെമ്പ്പൊതിഞ്ഞ ശേഷം സ്വർണംപൂശിയ പുതിയ കതക് 2019മാർച്ചിലാണ് ഘടിപ്പിച്ചത്. ഈ വാതിൽ സ്വർണം പൂശിയതാണെന്ന് മഹസറിലുണ്ടെങ്കിലും എടുത്തുമാറ്റിയ പഴയവാതിലിലെ സ്വർണത്തെക്കുറിച്ച് പരാമർശമില്ല.