കണ്ണൂർ മെഡി.കോളേജിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു
പരിയാരം(കണ്ണൂർ):കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ തോമസിന്റേയും ത്രേസ്യാമ്മയുടേയും മകൻ ടോം തോംസൺ (40)ആണ് മരിച്ചത്.ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം.ഹെർണിയ ഓപ്പറേഷന് പ്രവേശിക്കപ്പെട്ട പിതാവ് തോമസിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ടോം.സംഭവസമയം ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു.ആശുപത്രിയിൽ ഇയാൾ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.തുടർന്ന് സുരക്ഷാ ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും തടയാൻ ശ്രമിച്ചപ്പോൾ ഏഴാം നിലയിലെ സ്റ്റെയർകേസിന് സമീപത്തുനിന്നും ജനലിലൂടെ പുറത്തേക്ക് കടന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി.ആശുപത്രി അധികൃതർ ഉടൻ അഗ്നിശമനസേനയെ വിവരം അറിയിച്ചു.അഗ്നിശമനസേന അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.
തുടന്ന് അഗ്നിശമനസേനാംഗങ്ങൾ താഴെ വലവിരിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ടോം തോംസൺ വലയില്ലാത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ കാഷ്വാലിറ്റിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ 3.10യോടെ മരണം സ്ഥിരീകരിച്ചു.നാല് ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയക്കായി ഏഴാം നിലയിലുള്ള വാർഡിൽ പ്രവേശിപ്പിച്ചത്. ടോം തോംസണും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയിലാണ്.ഭാര്യ:ജ്യോഷി മോൾ. മക്കൾ: ആഷിക്, അയോൺ. സഹോദരങ്ങൾ: അനിൽ, സുനി, സുമ, സുജ.