ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിലെ പരിശോധന പൂർത്തിയായി, രേഖകൾ പിടിച്ചെടുത്തു
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര്‌രുടെ ചെങ്ങന്നൂരിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന എട്ടുമണിക്കൂറോളം നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. എസ്ഐടി തന്ത്രിയുടെ ബന്ധുക്കളോട് വിവിരങ്ങൾ ചോദിച്ചറിഞ്ഞു. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വീട്ടിൽ പരിശോധനയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷമാണ് പൊലീസ് സംഘം എത്തിയത്. ചെങ്ങന്നൂർ പൊലീസിന്റെ അകമ്പടിയോടു കൂടിയായിരുന്നു എസ്‌ഐടിയുടെ വരവ്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി.
ആദ്യഘട്ടത്തിൽ, അഭിഭാഷകയായ തന്ത്രിയുടെ മരുമകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇത് നേരിയ തർക്കത്തിന് കാരണമായെങ്കിലും പിന്നീട് മരുമകളെ ഉൾപ്പെടെ അകത്തേക്ക് പ്രവേശിപ്പിച്ചു. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്.
കേസിൽ 13ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവരര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിക്ക് ഒത്താശ ചെയ്ത്, സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കണ്ടെത്തിയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ്.