ഫാക്ട് മുൻ സി.എം.ഡി. കിഷോർ രുംഗ്ത നിര്യാതനായി
കളമശേരി: എഫ്.എ.സി.ടി മുൻ സി.എം.ഡി കിഷോർ രുംഗ്ത (61) നിര്യാതനായി. ഗുവാഹത്തിയിൽ നിന്ന് ഷില്ലോംഗിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. രാജസ്ഥാൻ സ്വദേശിയാണ്. സംസ്കാരം ഇന്നു രാവിലെ 10 ന് സൂററ്റ് മോക്ഷധാമിൽ നടക്കും.
പ്രതിസന്ധിയിലായിരുന്ന ഫാക്ടിനെ കരകയറ്റുന്നതിൽ സുപ്രധാന പങ്കു വഹിച്ചത് കിഷോർ രുംഗ്തയാണ്. 2019ൽ ചുമതല ഏറ്റെടുക്കുമ്പോൾ നഷ്ടത്തിലായിരുന്ന കമ്പനിയെ അഞ്ചു വർഷം കൊണ്ട് ലാഭത്തിലാക്കി. ഫാക്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമായ 352 കോടി രൂപ ഇക്കാലത്ത് രേഖപ്പെടുത്തി. 2021ൽ കാപ്രോലാക്ടം പ്ലാന്റ് നവീകരിച്ച് പ്രവർത്തനസജ്ജമാക്കി. ശമ്പളപരിഷ്കരണം നടപ്പിലാക്കിയതും ജീവനക്കാരുടെ റിട്ടയർമെന്റ് പ്രായം 60 ആക്കി ഉയർത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിപണന വിഭാഗം പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഭാര്യ: സപ്ന രുംഗ്ത. മക്കൾ: ശിഖർ, പ്രഖാർ. മരുമകൾ: പ്രാചി.