എൽ.പി സ്‌കൂൾ ടീച്ചർ,നിയമനമില്ലാതെ റാങ്ക് ലിസ്റ്റ്

Sunday 11 January 2026 12:24 AM IST

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ടുമാസം പിന്നിട്ടിട്ടും എൽ.പി സ്‌കൂൾ ടീച്ചർ റാങ്ക് പട്ടികയിൽ നിന്നും നിയമനം നടക്കുന്നില്ലെന്ന് പരാതി. മെയിൻ ലിസ്റ്റിൽ 579 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 517 പേർ ഉൾപ്പെടെ ആകെ 1108 ഉദ്യോഗാർത്ഥികളുള്ള തിരുവനന്തപുരം ജില്ലയിൽ ഒരു നിയമനം പോലും നടന്നില്ല.

2025 മേയ് 31നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റിൽ നിന്നും 27 പേർക്ക് അഡ്വൈസ് അയച്ചിട്ടുണ്ട്. അഡ്വൈസ് ലഭിച്ചവർക്ക് പോലും നിയമനം നൽകുന്നില്ലെന്ന പരാതി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമടക്കം നൽകിയെങ്കിലും യാതൊരു ഫലവുമില്ല.

മൂന്നു വർഷം കാലാവധിയുള്ള ലിസ്റ്റിന്റെ ആദ്യ വർഷം കഴിയാറായെന്നും റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താത്തത് സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഡിവിഷൻ ഫോൾ നേരിടുന്ന അദ്ധ്യാപകരെ ഒഴിഞ്ഞുകിടക്കുന്ന എച്ച്.ടി.വി വേക്കൻസിയിലേക്ക് പുനർവിന്യസിച്ചു കൊണ്ട് റിട്ടയർമെന്റ് ഒഴിവുകളിൽ നിയമനങ്ങൾ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

നിലവിലുള്ള ഒഴിവുകളുടെ കണക്ക് വ്യക്തമാക്കണമെന്നും സ്കൂളുകളിൽ ഡിവിഷൻ ഫാൾ കുറയ്ക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കടക്കം നിവേദനം നൽകിയിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.