കണക്ട് ടു വർക്ക് ഉദ്ഘാടനം 21ന് , യുവജനങ്ങൾക്ക്  നേരിട്ട് പണം

Sunday 11 January 2026 12:36 AM IST

 1,000 രൂപ വീതം ഒരു വർഷം വരെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, യുവജനങ്ങളെ ആകർഷിക്കുന്ന' കണക്ട് ടു വർക്ക് ' പദ്ധതി ഈ മാസം തന്നെ നടപ്പാക്കാൻ സർക്കാർ. ഉദ്ഘാടനം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കോ നൈപുണ്യപരിശീലനം നേടുന്നവർക്കോ നൽകുന്ന ധനസഹായമാണിത്. പ്രതിമാസം 1,000 രൂപ വീതം ഒരു വർഷം വരെ ലഭിക്കും. പ്ലസ് ടു പാസായിരിക്കണം. നേരിട്ട് പണം അക്കൗണ്ടിലേക്ക് കൈമാറും. ബഡ്ജറ്റ് പ്രഖ്യാപനമാണ്.

പതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആദ്യം അപേക്ഷിക്കുന്ന അഞ്ച് ലക്ഷം പേർക്ക് നൽകുമെന്നാണ് പ്രഖ്യാപനം. 600 കോടി രൂപയാണ് പദ്ധതി വിഹിതം.

അപേക്ഷകരിൽ ഭൂരിഭാഗവും പി.എസ്.സി, ബാങ്കിംഗ് പരീക്ഷാ പരിശീലനം നടത്തുന്നവരാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി അപേക്ഷകളുടെ വെരിഫിക്കേഷൻ വേഗത്തിലാക്കാനാണ് സർക്കാർ നിർദ്ദേശം. പഠനത്തിന് നിശ്ചിത ശതമാനം ഹാജർ ഉള്ളവർക്കും കൃത്യമായി നൈപുണ്യ വികസന കോഴ്സുകളിൽ പങ്കെടുക്കുന്നവർക്കും തുക ബാങ്ക് വഴി ലഭ്യമാക്കും.

പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കാൻ വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. ഒരു ലക്ഷമാണ് നിലവിലെ പരിധി.

ആർക്കൊക്കെ അപേക്ഷിക്കാം

 18 നും 30 നും ഇടയിൽ പ്രായമുള്ളവർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം കവിയരുത്

 പ്ലസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം പാസായവർ

 യു.പി.എസ്.സി, പി.എസ്.സി, ബാങ്കിംഗ്, റെയിൽവേ തുടങ്ങി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ

 അംഗീകൃത സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നേടുന്നവർ