കൗമാര കലാമാമാങ്കത്തിന് 14ന് തൃശൂരിൽ കൊടിയേറ്റം

Sunday 11 January 2026 12:47 AM IST

 മാറ്റുരയ്ക്കാൻ 15,000 പ്രതിഭകൾ

 റിയ ഷിബു മുഖ്യാതിഥി

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇനി മൂന്നുനാൾ. തൃശൂർ ആവേശത്തിമിർപ്പിൽ. 14ന് രാവിലെ 10ന് തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 18 വരെ 25 വേദികളിലാണ് മത്സരങ്ങൾ. 249 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരയ്ക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ് തുടങ്ങിയവർ സംബന്ധിക്കും. 'സർവംമായ' എന്ന സിനിമയിൽ 'ഡെലേലു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയാകും.

കലോത്സവത്തിന് ശേഷം, വിദ്യാഭ്യാസ വകുപ്പ് പുതിയ ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കും. നാരങ്ങാമിഠായി എന്ന പേരിൽ കുട്ടികളുടെ 'കളിക്കാനുള്ള അവകാശം' സംരക്ഷിക്കുന്ന പദ്ധതിയാണൊന്ന്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിർബന്ധമായും കളിച്ചിരിക്കണം.

ശകാരിക്കാത്ത വാരം

സ്നേഹ വാരം

ഓരോ ആശയങ്ങൾ മുൻനിറുത്തി വിദ്യാലയങ്ങളിൽ ആറ് പ്രത്യേക ആഴ്ചകളും ആചരിക്കും. സർക്കുലർ തിങ്കളാഴ്ച നൽകും. ശകാരിക്കാത്ത വാരം,അഭിനന്ദന വാരം, ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം,നന്ദി പ്രകടന വാരം, ക്ഷമാപണ വാരം, സ്‌നേഹവാരം എന്നിവയാണവ.

കെടെറ്റ്: ഫെബ്രുവരിയിൽ

പ്രത്യേക പരീക്ഷ

കെടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കായി ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്തും. അഞ്ച് വർഷത്തിൽ താഴെ സർവീസുള്ളവർക്ക് കെടെറ്റ് യോഗ്യതയില്ലാതെ തുടരാം. എന്നാൽ സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ കെടെറ്റ് നിർബന്ധമാണ്. അഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർ സുപ്രീംകോടതി വിധി വന്ന തീയതി മുതൽ രണ്ട് വർഷത്തിനുള്ളിൽ യോഗ്യത നേടിയിരിക്കണം. 2025 ആഗസ്റ്റ് 31ലെ കണക്ക് പ്രകാരം 75,015 പേർക്ക് കെടെറ്റ് യോഗ്യതയില്ല.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 23ന് ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകും. 1,679 ഭിന്നശേഷി ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.