ബാക് ടു ക്യാമ്പസ് പദ്ധതി: 1 ലക്ഷം തൊഴിൽ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി

Sunday 11 January 2026 12:50 AM IST

തിരുവനന്തപുരം: കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബാക് ടു ക്യാമ്പസ് നൈപുണ്യ പരിശീലന പദ്ധതിയിലൂടെ ഒരു ലക്ഷത്തിൽ അധികം തൊഴിലുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോളിടെക്‌നിക്,ഐ.ടി.ഐ,എൻജിനിയറിംഗ് കോളേജുകളിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കി, ജോലി തേടുന്നവർക്ക് നൈപുണ്യ പരിശീലനം നൽകുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

60,000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനമാണ് പദ്ധതി വഴി നടപ്പാക്കുന്നത്. പദ്ധതിയിൽ ഇതിനകം തന്നെ 40,000 പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിലവിൽ കോഴ്‌സ് പൂർത്തിക്കിയവർക്ക് പുറമേ മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്നവർക്കായും പദ്ധതി നടപ്പാക്കുന്നുണ്ട്. 35 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകുക, ഇവരിൽ ചുരുങ്ങിയത് 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളജ് ഇക്കണോമി മിഷൻ സ്ഥാപിതമായിട്ടുള്ളത്. ക്യാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പഠിച്ച വിഷയത്തിൽ നൈപുണ്യം ഇല്ലാതെ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിജ്ഞാനകേരള പദ്ധതി ഉപദേശകൻ തോമസ് ഐസക് അദ്ധ്യക്ഷനായി. കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ,ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ജഗതിരാജ്.വി.പി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.ധർമ്മലശ്രീ,കെഎഎസ്സി മാനേജിങ് ഡയറക്ടർ സൂഫിയാൻ അഹമദ്, വിജ്ഞാനകേരളം സംസ്ഥാന അക്കാഡമിക് കോ-ഓർഡിനേറ്റർ ഡോ.സുമേഷ് ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.