നടുറോഡിലും കാട്ടാന, പേടിച്ച് നാട്ടുകാർ
കോന്നി: കൊക്കാത്തോട് - കോന്നി റോഡിലൂടെയുള്ള യാത്ര സൂക്ഷിച്ചുവേണം. ഏതുനിമിഷവും കാട്ടാനകളുടെ മുന്നിൽപ്പെടാം. കല്ലേലി ചെക്ക് പോസ്റ്റ്, ശിവചാമുണ്ഡി ക്ഷേത്രം, വയക്കര, മന്തിക്കാന തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്.
റോഡ് മുറിച്ചുകടക്കുന്ന കാട്ടാനകൾ കല്ലേലി എസ്റ്റേറ്റിൽ പ്രവേശിക്കാറുണ്ട്. ഇതിനുസമീപം ജനവാസ മേഖലകളാണ്. . എസ്റ്റേറ്റിലെ കൈതച്ചക്ക തോട്ടത്തിലേക്കാണ് കാട്ടാനകളുടെ വരവ്. പഴുത്ത കൈതച്ചക്കയ്ക്ക് വേണ്ടിയാണ് ഇവ എത്തുന്നത്. കല്ലേലി എസ്റ്റേറ്റിൽ പുലർച്ചെ ജോലിക്ക് ഇറങ്ങുന്ന തൊഴിലാളികൾ പലരും കാട്ടാനയുടെ മുന്നിൽ അകപ്പെട്ടിട്ടുണ്ട്. കാട്ടാന ഓടിച്ച ചിലർക്ക് വീണ് പരിക്കേറ്റ സംഭവവുമുണ്ട്. കോന്നി - കൊക്കാത്തോട് റോഡിൽ രാത്രിയിൽ യാത്ര ചെയ്തവരെയും ആന ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. റോഡിൽ കഴിഞ്ഞിടെ ആന പനമരം പിഴുതുമറിച്ചിട്ടിരുന്നു. കാട്ടാനകളെ തുരത്താനെത്തിയ വനംവകുപ്പിന്റെ ദൗത്യസംഘത്തിന് നേരെയും ഇവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ വനംവകുപ്പിന്റെ കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് വീണുപരിക്കേറ്റുന്നു.
അച്ചൻകോവിലാറ്റിൽ കുളിക്കാനും വെള്ളംകുടിക്കാനുമെത്തുന്ന കാട്ടാനകളും നാട്ടുകാർക്ക് ഭീഷണിയാണ്. കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം ആറു മാസങ്ങൾക്ക് മുമ്പ് പതിവായി റോഡരികിൽ കാട്ടാനക്കൂട്ടം നിലയുറപ്പിക്കാറുണ്ടായിരുന്നു. കൊക്കാത്തോട്ടിലെ ജനവാസ മേഖലകളിലും കാട്ടാന ശല്യം വർദ്ധിച്ചിട്ടുണ്ട്.
ചൂട് വർദ്ധിച്ചതോടെയാണ് കാട്ടാനകൾ കൂടുതലായി വനത്തിൽ നിന്ന് റോഡരികിലെത്തുന്നത്.
ടി ആർ പ്രഭാകരൻ ( പ്രദേശവാസി )