തിരുവാഭരണ പാതയായിട്ടും നീർപ്പാലം റോഡിന് രക്ഷയില്ല

Saturday 10 January 2026 11:57 PM IST

കോഴഞ്ചേരി: തിരുവാഭരണ പാതയായ ചെറുകോൽ വാഴക്കുന്നം നീർപ്പാലം റോഡിന്റെ സ്ഥിതി ശോചനീയം. തകർന്നുതരിപ്പണമായി കിടക്കുകയാണ് റോഡ്. മകരവിളക്കിന് ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര കടന്നുപോകുന്നത് ഇതുവഴിയാണ്. കാൽനടയായാണ് ഘോഷയാത്ര.ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഘോഷയാത്രയിൽ ഉണ്ടാവുക. യാത്ര കടന്നുപോകുന്ന പാതയുടെ മറ്റുഭാഗങ്ങളെല്ലാം വൃത്തിയാക്കുന്നുണ്ട്. പക്ഷേ ഇൗ റോഡിലേക്ക് ബന്ധപ്പെട്ടവർ തിരി‌ഞ്ഞുനോക്കിയിട്ടില്ല.

പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായി വാഴക്കുന്നത്തുള്ള കുരുടാമണ്ണിൽ നീർപ്പാലത്തിലേക്കുള്ള സമീപന പാതയാണിത്. അയിരൂർ ചെറുകോൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാത ടാറിളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ കാലത്ത് അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും നാട്ടുകാർക്കും ഇൗ റോഡ് ഏറെ ഉപകാരപ്രദമാണ്.

തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏതാനും ദിവസങ്ങൾ മാത്രമേയുള്ളു. റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.. ശബരിമലയുമായി ബന്ധപ്പെട്ട മരാമത്ത് ജോലികൾക്ക് കോടികൾ ചെലവഴിക്കുമ്പോഴും ഇൗ റോഡിനെ മാത്രം അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.

വകുപ്പുകളുടെ ശീതസമരം

ഇറിഗേഷൻ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ശീതസമരമാണ് അറ്റകുറ്രപ്പണിക്ക് തടസം. കുരുടാമണ്ണിൽ നീർപ്പാലത്തിലേക്കുള്ള സമീപന പാതയായതിനാൽ പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമാണ് റോഡ്. 30 മീറ്റർ ദൂരമാണ് പദ്ധതിയുടെ കീഴിലുള്ളത്. ഇതിന് മുമ്പും പിമ്പുമുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് സഞ്ചാരയോഗ്യമാക്കിയെങ്കിലും ഇവിടം ഉപേക്ഷിച്ചു. അറ്റകുറ്രപ്പണി നടത്താൻ ഇറിഗേഷൻ വകുപ്പിന് ഫണ്ടില്ല. പൊതുമരാമത്ത് വകുപ്പ് അപേക്ഷ നൽകിയാൽ അനുമതി നൽകാൻ തങ്ങൾ തയ്യാറാണെന്ന് അധികൃതർ പറയുന്നു. പക്ഷേ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.

പോകേണ്ടത് പാലംകടന്ന്

തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് പന്തം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നത്. അന്ന് വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലാണ് വിശ്രമിക്കുന്നത്. വാഴക്കുന്നം നീർപ്പാലം കടന്നാണ് ക്ഷേത്രത്തിലെത്തേണ്ടത്. ഇൗ ഭാഗത്തെ റോഡാണ് സഞ്ചാരയോഗ്യമാക്കാത്തത്.

" റോ‌ഡ് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ചെറുകോൽ പഞ്ചായത്ത് സെക്രട്ടറി , പി ഐ പി അസിസ്റ്റന്റ് എൻജിനീയർ , പി.ഡബ്ള്യു ഡി അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്ക് പരാതി നൽകിയിരുന്നു. "

ചിന്താമണി

ഗ്രാമ പഞ്ചായത്തംഗം