അരിനല്ലൂർ - മുട്ടം റോഡിൽ മാലിന്യക്കൂമ്പാരം: ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ
ചവറ: അരിനല്ലൂർ മുട്ടം പ്രദേശങ്ങളിൽ റോഡിൽ മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. ഇറച്ചി വേസ്റ്റും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം പാതയോരത്ത് കായൽ തീരത്തോടനുബന്ധിച്ച് വലിയ തോതിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. രാത്രിയിൽ വാഹനത്തിൽ മാലിന്യവുമായി ആളനക്കമില്ലാത്ത റോഡിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യം തള്ളുന്നത്. ഇത് മൂലം റോഡ് സൈഡ് മുഴുവൻ രൂക്ഷമായ ദുർഗന്ധമാണ്. പ്രദേശവാസികൾക്ക് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഉപയോഗിച്ച ഡയപ്പർ മാലിന്യം നിക്ഷേപിക്കുന്നതാണ് പ്രദേശവാസികൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മാലിന്യം നിക്ഷേപം വർദ്ധിക്കുന്നിടത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത പിഴ ഈടാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യം നിക്ഷേപത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. മാലിന്യം പ്രദേശത്ത് കുന്നുകൂടിയാൽ തീരദേശ മേഖലയുടെ സ്വഭാവികത നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. ജനങ്ങളുടെ നേതൃത്വത്തിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ പ്രതേക സ്ക്വാഡും ഉടൻ രൂപീകരിക്കും.
ജോയ്മോൻ അരിനല്ലൂർ,
(ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം )