ചെലവ് ഒന്നരക്കോടി വരെ: ഒന്നാം സ്ഥാനം കിട്ടിയാലും ചുണ്ടന്മാർക്ക് നഷ്ടം

Sunday 11 January 2026 12:10 AM IST

കൊല്ലം: ചോര നീരാക്കി തുഴയെറിഞ്ഞ് ആദ്യസ്ഥാനങ്ങൾ നേടിയാലും ചാമ്പ്യൻസ് ബോട്ട് ലീഗിലെ ചുണ്ടൻവള്ളങ്ങളുടെ കണക്ക് പുസ്തകം നഷ്ടത്തിൽ. ഓരോ സി.ബി.എൽ സീസണിലും വള്ളം സമിതിയും ബോട്ട് ക്ലബുകളും 75 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ ചെലവാക്കിയാണ് മത്സരത്തിന് തയ്യാറെടുക്കുന്നത്. ഇതിൽ വലിയൊരു ഭാഗവും ചെലവാക്കുന്നത് ബോട്ട് ക്ലബുകളാണ്. സി.ബി.എൽ ജയിക്കുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. കൂടാതെ മത്സരിക്കുന്ന ഓരോ ടീമിനും 5 ലക്ഷം രൂപയും ലഭിക്കും. ഇതിൽ നിന്ന് ഒരുലക്ഷം രൂപ മാത്രമാണ് വള്ളം സമിതിക്ക് ലഭിക്കുക.

പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിൽ നിന്നുമായി 10 ലക്ഷം രൂപയാണ് ഒരു സീസണിൽ വള്ളം സമിതിക്ക് ലഭിക്കുക. ഭീമമായ തുക കൊടുത്താണ് ഓരോ ബോട്ട് ക്ലബുകളും കോച്ചിനെയും ക്യാപ്ടന്മാരെയും നിയമിക്കുന്നത്. ഇവർക്ക് വേണ്ടി മാത്രം ലക്ഷങ്ങൾ ചെലവാകും. ചില ടീമുകൾ ക്യാപ്ടനുവേണ്ടി മാത്രം ചെലവാക്കുന്നത് 15 ലക്ഷം രൂപയാണ്.

കോടികൾ ചെലവഴിച്ച് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ചാലും ചെലവാക്കിയ തുകയുടെ ഒരംശം പോലും തിരികെ ലഭിക്കില്ലെന്ന് ടീമുകൾ പറയുന്നു. സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഓരോ വള്ളം സമിതിയും ബോട്ട് ക്ലബുകളും ചെലവഴിക്കുന്ന തുകയിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാവരുടെയും സ്ഥിതി സമാനമാണ്.

സാമ്പത്തികമായിട്ടും ശാരീരികമായിട്ടും കൂടുതൽ അദ്ധ്വാനിക്കുന്നത് ബോട്ട് ക്ലബുകളാണ്. അതുകൊണ്ട് തന്നെ സമ്മാനത്തുക ക്ലബിന് അവകാശപ്പെട്ടതാണ്. എന്നാൽ കായികദ്ധ്വാനത്തിലൂടെ കിരീടം നേടിയെടുത്താൽ പേരും പ്രശ്സതിയും ചുണ്ടൻ വള്ളങ്ങൾക്ക് അവകാശപ്പെട്ടതാണ്. സി.ബി.എൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ചുണ്ടൻമാരെ എത്തിക്കുന്നതിന് സംഘാടകർ കരാർ ഏല്പിച്ചിട്ടുള്ളതിനാൽ അതിന്റെ ചെലവ് സംഘാടകരാണ് വഹിക്കുന്നത്.

അഭിമാന പ്രശ്നം

സി.ബി.എൽ ഉൾപ്പടെയുള്ള ജലോത്സവങ്ങളുടെ സമ്മാനത്തുക കൂട്ടണമെന്ന് ആവശ്യം നിലനിൽക്കുമ്പോഴും ഒട്ടും വാശി ചോരാതെ ഓരോ മത്സരങ്ങളിലും വള്ളം സമതിയും ബോട്ട് ക്ലബുകളും പങ്കെടുക്കുന്നത് കരയുടെ അഭിമാനത്തിന് കോട്ടം തട്ടരുതെന്ന തീരുമാനത്തിലാണ്. വള്ളംകളിയോടുള്ള അടങ്ങാത്ത അഭിനിവേശവും പ്രതിബദ്ധതയുമാണ് വരവ് ചെലവ് കണക്കുകൾ നോക്കാതെ ഓരോ ചുണ്ടൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കുന്നത്.