റോളർ സ്‌കൂട്ടറിൽ ശ്രേയയ്ക്ക് സ്വർണം
Sunday 11 January 2026 12:14 AM IST
കൊല്ലം: വിശാഖപട്ടണത്ത് നടന്ന 63-ാമത് ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ശ്രേയ ബാലഗോപാൽ സ്വർണ മെഡൽ കരസ്ഥമാക്കി. റോളർ സ്‌കൂട്ടർ വിഭാഗത്തിലാണ് നേട്ടം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ബംഗളൂരുവിൽ നടന്ന കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പിലും ഇതേവിഭാഗത്തിൽ ശ്രേയയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. മൊഹാലിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സഹോദരനും ആർക്കിടെക്ടുമായ ബി.ജി.ബാൽശ്രേയസ് റോളർ സ്‌കൂട്ടർ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടന്റ് ആർട്ടിക്കിൾഷിപ്പ് വിദ്യാർത്ഥിയായ ശ്രേയ റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാലിന്റെയും കനറാ ബാങ്ക് ഈറോഡ് പുഞ്ചയ് പുളിയംപട്ടി ശാഖാ ഓഫീസർ എൽ.ഗീതയുടെയും മകളാണ്.