നിയമസഭാ തിരഞ്ഞെടുപ്പ്: 30 സീറ്റുകളിൽ മത്സരിക്കാൻ ബി.ഡി.ജെ.എസ്

Sunday 11 January 2026 12:15 AM IST

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനും സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് 15ന് മുമ്പ് തയ്യാറാക്കാനും എൻ.ഡി.എ.യിലെ പ്രധാന ഘടകക്ഷിയായ ബി.ഡി.ജെ.എസ്.തീരുമാനിച്ചു.പാർട്ടിയുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാനും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലങ്ങൾ നിലനിറുത്താനും അതുൾപ്പെടെ 30 സീറ്റുകളിൽ മത്സരിക്കാനുള്ള മുന്നൊരുക്കമാണ് പാർട്ടി നടത്തുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ ഇന്ന് എൻ.ഡി.എ.നേതൃയോഗവും ഇലക്ഷൻ മുന്നാെരുക്കമായി മിഷൻ 2026 ഉദ്ഘാടനവും നടത്താനിരിക്കെ ,ഇന്നലെ ബി.ഡി.ജെ.എസ്.സംസ്ഥാന സമിതി യോഗം ചേർന്നു.യോഗം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ കെ പത്മകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ കെ എൻ അനുരാഗ് , തമ്പി മേട്ടുതറ ,എ ബി ജയപ്രകാശ്, സംഗീത വിശ്വനാഥൻ, പൈലി വാര്യാട്, സോമശേഖരൻ നായർ, രാജേഷ് നെടുമങ്ങാട്, അനുരുദ്ധ് കാർത്തികേയൻ,സന്ദീപ് പച്ചയിൽ, ഡി പ്രേം രാജ്, രാജേഷ് പി ആർ , തഴവ സഹദേവൻ, പരുത്തിപ്പള്ളി സുരേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

സ്ഥാനാർത്ഥികളുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കാൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി, തിരഞ്ഞെടുപ്പിനു മുമ്പായി ബിഡിഎംഎസ് ,ബി ഡി വൈ എസ് എന്നീ പോഷക സംഘടനകളുടെ പ്രവർത്തനം ശക്തമാക്കാനും, ഫെബ്രുവരി ആദ്യവാരം എൻഡിഎ സംസ്ഥാന ക്യാമ്പ് ചേർത്തലയിലും, നിയോജകമണ്ഡല ക്യാമ്പുകൾ ജനുവരി 30ന് മുമ്പും നടത്താനും തീരുമാനിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ചില മാധ്യമങ്ങളും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റും നടത്തിയ അധിക്ഷേപങ്ങളിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.