പൂരംനാട്ടിൽ തിടമ്പേറ്റാൻ കരുത്തരുടെ വരവ്

Sunday 11 January 2026 12:26 AM IST

തൃശൂർ: നിയമസഭ പോരാട്ടത്തിൽ ഒരു പതിറ്റാണ്ടായി ചെങ്കൊടിക്കൊപ്പമാണ് ശക്തന്റെ നാട്. 2021ൽ 13 മണ്ഡലങ്ങളിൽ 12ഉം നേടി. ഇക്കുറിയും വിജയപ്രതീക്ഷ. ചെങ്കോട്ട തകർക്കാൻ തന്ത്രംമെനഞ്ഞ് യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആവർത്തനം പ്രതീക്ഷിച്ച് എൻ.ഡി.എ.

എൽ.ഡി.എഫിൽ കുന്നംകുളം എം.എൽ.എയും മുൻമന്ത്രിയുമായ എ.സി.മൊയ്‌തീനും മണലൂരിൽ മുരളി പെരുനെല്ലിയും മൂന്നു ടേമായതിനാൽ മാറും. മണലൂരിൽ മുൻമന്ത്രി സി.രവീന്ദ്രനാഥിന്റേയും കുന്നംകുളത്ത് സി.പി.എം ജില്ലാസെക്രട്ടറി കെ.വി.അബ്ദുൾഖാദറിന്റേയും പേര് ചർച്ചയിൽ. മന്ത്രി ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽതന്നെ മത്സരിക്കും.

തൃശൂരിൽ പി.ബാലചന്ദ്രന് പകരം മുൻമന്ത്രി വി.എസ്.സുനിൽകുമാർ എത്തിയേക്കും. നാട്ടികയിൽ സി.സി.മുകുന്ദനും മാറിയേക്കും. ഹാട്രിക്ക് ജയം പ്രതീക്ഷിച്ച് മന്ത്രി കെ.രാജൻ തന്നെയാകും ഒല്ലൂരിലിറങ്ങുക. കയ്‌പമംഗലത്തും കൊടുങ്ങല്ലൂരിലും രണ്ടാമൂഴം പിന്നിട്ട സിറ്റിംഗ് എം.എൽ.എമാരായ ഇ.ടി.ടൈസൺ, വി.ആർ.സുനിൽകുമാർ എന്നിവരെ വീണ്ടും ഇറക്കുമോ എന്നത് വ്യക്തമായിട്ടില്ല.

കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഒല്ലൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ജില്ലയിലെ ഏക യു.ഡി.എഫ് എം.എൽ.എ സനീഷ് കുമാർ ജോസഫ് ചാലക്കുടിയിലും ഉറപ്പാക്കി. തൃശൂരിൽ ടി.വി.ചന്ദ്രമോഹനും മുൻമേയർ രാജൻ ജെ. പല്ലനും സാദ്ധ്യത. ടി.എൻ.പ്രതാപൻ മണലൂരും അനിൽ അക്കര വടക്കാഞ്ചേരിയും നോട്ടമിടുന്നു. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ.ജനീഷിനെ പരിഗണിക്കുന്നു. കയ്‌പമംഗലത്തും പുതുക്കാടും സോണിയഗിരിക്കും സുബി ബാബുവിനും സാദ്ധ്യത. ഇരിങ്ങാലക്കുട കേരള കോൺഗ്രസിനുതന്നെ നൽകിയാൽ തോമസ് ഉണ്ണിയാടൻ വീണ്ടുമിറങ്ങും. മുസ്ലിംലീഗിന്റെ ഗുരുവായൂർ സീറ്റ് വേണമെന്ന് ഡി.സി.സി ആവശ്യപ്പെടുന്നുണ്ട്.

കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, എം.ടി.രമേശ് എന്നിവരെയാണ് ബി.ജെ.പി ഏറെ സാദ്ധ്യത കൽപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ പരിഗണിക്കുക. മണലൂരിൽ എ.എൻ.രാധാകൃഷ്ണന് സാദ്ധ്യത. ഒല്ലൂർ, നാട്ടിക, കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ബി.ഡി.ജെ.എസ് ചോദിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയുടെ വോട്ടുവിഹിതം വർദ്ധിച്ചതിൽ ബി.ഡി.ജെ.എസ് നിർണായകമായിരുന്നു.

2021ലെ നിയമസഭ തിര. ഫലം മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം

തൃശൂർ: പി.ബാലചന്ദ്രൻ, എൽ.ഡി.എഫ്, 946 ഒല്ലൂർ: കെ.രാജൻ,എൽ.ഡി.എഫ്, 21506 ഗുരുവായൂർ: എൻ.കെ.അക്ബർ, എൽ.ഡി.എഫ്, 18268 ചാലക്കുടി: സനീഷ് കുമാർ ജോസഫ്, യു.ഡി.എഫ്, 1057 കൈപ്പമംഗലം: ഇ.ടി.ടൈസൺ,എൽ.ഡി.എഫ്, 22698 നാട്ടിക: സി.സി.മുകുന്ദൻ, എൽ.ഡി.എഫ്, 28431 കൊടുങ്ങല്ലൂർ: വി.ആർ.സുനിൽകുമാർ,എൽ.ഡി.എഫ്, 23893 ഇരിങ്ങാലക്കുട: ഡോ.ആർ.ബിന്ദു, എൽ.ഡി.എഫ്, 5949 പുതുക്കാട്:കെ.കെ.രാമചന്ദ്രൻ,എൽ.ഡി.എഫ്,27353 മണലൂർ: മുരളി പെരുനെല്ലി,എൽ.ഡി.എഫ്, 29876 കുന്നംകുളം:എ.സി.മൊയ്തീൻ, എൽ.ഡി.എഫ്, 26631 വടക്കാഞ്ചേരി: സേവ്യർ ചിറ്റിലപ്പിളളി, എൽ.ഡി.എഫ്, 15168 ചേലക്കര: കെ.രാധാകൃഷ്ണൻ, എൽ.ഡി.എഫ്, 39400

(2024ലെ ഉപതിരഞ്ഞെടുപ്പിൽ യു.ആർ.പ്രദീപ്, എൽ.ഡി.എഫ്, 12122)