സ്വർണക്കൊള്ള: കൂടുതൽ അറസ്റ്റിലേക്ക് എസ്.ഐ.ടി

Sunday 11 January 2026 12:29 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ളയുടെ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെ, കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങാൻ എസ്.ഐ.ടി. ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ അറസ്റ്റിൽ ഉടൻ തീരുമാനമാവും..തന്ത്രിയുമായി ബന്ധമുള്ള 3പേരും ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തും ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുമെല്ലാം ചോദ്യമുനയിലാണ്..

മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ എസ്.ഐ.ടിയുടെ ചോദ്യങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചിരുന്നു. മൊഴിയിലെ വിവരങ്ങളിൽ വൈരുദ്ധ്യം കണ്ടെത്തിയാൽ കടകംപള്ളിക്കും കുരുക്കാവും.പക്ഷാഘാതം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലാണ് ശങ്കരദാസ്. സംസാരിക്കാൻ കഴിയില്ലെന്നും ചോദ്യം ചെയ്താൽ ആരോഗ്യനില വഷളാവുമെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകിയിരുന്നു. മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എസ്.ഐ.ടി അപേക്ഷ നൽകിയിട്ടുണ്ട്.

എ.പത്മകുമാർ അദ്ധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു ശങ്കരദാസ്. ബോർഡംഗമായിരുന്ന എൻ.വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. സ്വർണപ്പാളികൾ പോറ്റിക്ക് കൊടുത്തു വിടാനുള്ള ബോർഡ് തീരുമാനത്തിൽ ശങ്കരദാസിനും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് കണ്ടെത്തൽ.2019 മാർച്ച് 19നുചേർന്ന ബോർഡിന്റെ മിനുട്ട്സിൽ സ്വർണം പൊതിഞ്ഞ പിത്തളയെന്ന പരാമർശം പത്മകുമാർ പച്ച മഷികൊണ്ട് വെട്ടി ചെമ്പെന്നെഴുതി. ഇതിനു താഴെ ശങ്കരദാസ് ഒപ്പിട്ടിട്ടുണ്ട്. പിത്തള പാളികളെന്നത് ചെമ്പെന്ന് വെട്ടിയെഴുതിയത് കൂട്ടായ തീരുമാനമെന്നാണ് പത്മകുമാറിന്റെ മൊഴി..

കാലപ്പഴക്ക നിർണയ

റിപ്പോർട്ട് ഉടൻ

ക്ഷേത്രത്തിലെ സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കാനുള്ള ശാസ്ത്രീയ പരിശോധന വി.എസ്.എസ്.സിയുടെ ലാബിൽ നടക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം ഇതിന്റെ റിപ്പോർട്ട് കോടതിയിൽ നൽകും. ശ്രീകോവിലിനുള്ളിലെ സ്വർണപ്പാളികൾക്കും പ്രഭാമണ്ഡലത്തിനുമെല്ലാം ഏതാണ്ട് 125വർഷത്തെ പഴക്കമുണ്ട്. പുറത്തെ പാളികൾക്കും മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട്. യഥാർത്ഥ പാളികൾ പുറത്തേക്ക് കടത്തി ചെമ്പിൽ പുതിയതുണ്ടാക്കി സ്വർണം പൂശി തിരിച്ചെത്തിച്ചെന്നാണ് സംശയം..

ഇതുവരെ

‌11അറസ്റ്റ്

ഉണ്ണികൃഷ്ണൻ പോറ്റി

(സ്പോൺസർ)

മുരാരിബാബു

(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)

ഡി.സുധീഷ് കുമാർ

(മുൻ എക്സിക്യൂട്ടീവ് ഓഫീസർ)

കെ.എസ്.ബൈജു-

(മുൻ തിരുവാഭരണം കമ്മിഷണർ)-

എൻ.വാസു

(ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറും)

എ.പത്മകുമാർ

(ബോർഡ് മുൻ പ്രസിഡന്റ്)

എസ്.ശ്രീകുമാർ

(മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ)

പങ്കജ് ഭണ്ഡാരി

(സ്വർണം വേർതിരിച്ച സ്ഥാപനയുടമ)

ഗോവർദ്ധൻ

(ബെല്ലാരിയിലെ ജുവലറിയുടമ

വിജയകുമാർ

(ബോർഡ് മുൻഅംഗം)

കണ്ഠരര് രാജീവര്

(ക്ഷേത്രം തന്ത്രി)