തന്ത്രിയുടെ വീട്ടിൽ എസ്.ഐ.ടി റെയ്ഡ്
ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വസതിയായ മുണ്ടൻകാവിലെ താഴമൺ മഠത്തിൽ എസ്.ഐ.ടി റെയ്ഡ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50ന് വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഡിവൈ.എസ്. പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ഇരുനില വീട്ടിലെ ഓരോ മുറിയിലും ഔട്ട് ഹൗസിലും പരിശോധന നടത്തി. വീട്ടിലുള്ളവരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്വർണഉരുപ്പടികൾ, പ്രമാണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചു. തന്ത്രിയുടെ ഭാര്യയും മകളും അടുത്ത ചില ബന്ധുക്കളും തന്ത്രിയുടെ സഹായിയായ ഇ.എം.എസ് നമ്പൂതിരിയും വീട്ടുജോലിക്കാരുമാണ് അവിടെ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ജോലി കഴിഞ്ഞെത്തിയ തന്ത്രിയുടെ മരുമകളും അഭിഭാഷകയുമായ അദ്രിജയെ വീട്ടിലേക്ക് കയറ്റിയില്ല. ഇവർ രാജീവരരുടെ സഹോദരനായ തന്ത്രി കണ്ഠരര് മോഹനരുടെ വീട്ടിലേക്കുപോയി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പിന്നീടാണ് ഇവരെ വീട്ടിലേക്ക് കയറ്റിയത്. വൈകിട്ട് നാലരയോടെ അപ്രൈസറെ വിളിച്ചുവരുത്തി സ്വർണ ഉരുപ്പടികളുടെ തൂക്കവും മൂല്യവും നിർണയിച്ചു. മുഴുവൻ വാതിലുകളും ജനലുകളും അടച്ചിട്ടുള്ള പരിശോധന രാത്രി വൈകിയും തുടരുകയാണ്. രാത്രി വൈകി പുറത്തുനിന്ന് ആഹാരം എത്തിച്ച ശേഷം പരിശോധന തുടർന്നു. ഇതിനിടെ തന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിനെ വിളിച്ചുവരുത്തി.
റിമാൻഡ് പ്രതികൾക്കൊപ്പം തന്ത്രി; രണ്ടുവട്ടം ദേഹാസ്വാസ്ഥ്യമുണ്ടായി
തിരുവനന്തപുരം: പൂജപ്പുര സ്പെഷ്യൽ സബ്ജയിലിൽ റിമാൻഡ് തടവുകാർക്ക് ഒപ്പമായിരുന്നു തന്ത്രി കണ്ഠരര് രാജീവരെ പാർപ്പിച്ചിരുന്നത്. വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട പ്രകാരം അതു നൽകി. കിടക്കാൻ പായയും ഫാനും നൽകി. ഇന്നലെ പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിലെ ഡോക്ടർ എത്തി പരിശോധിച്ചു. ഒരു മണിക്കൂറിനു ശേഷം വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജയിലിലെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പ്രമേഹവും രക്തസമ്മർദ്ദവും ഉയർന്നു നിൽക്കുന്നതായി കണ്ടു. ഇവയ്ക്കു മരുന്നു കഴിക്കുന്ന കാര്യം തന്ത്രി അറിയിച്ചു. കാലിൽ നീരുമുണ്ട്. ഇ.സി.ജി പരിശോധനയിൽ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടെത്തി. രക്ത പരിശോധനയിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച മണിക്കൂറുകൾ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിലേക്കും തിരികെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്കും കൊണ്ടുപോയി. ഇതെല്ലാം ശാരീരിക അവസ്ഥ മോശമാകാൻ ഇടയാക്കിയിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്.