ഗൂഢാലോചനയെന്ന് അയ്യപ്പ സേവാസംഘം
ചെങ്ങന്നൂർ : ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റുചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു. അറസ്റ്റിനു പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ആചാരപരമായ കാര്യങ്ങളിലാണ് തന്ത്രി ഇടപെടുന്നത്. ആചാരപരമായ കാര്യങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കാനാകില്ല. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ല. പരമ്പരാഗതമായി ലഭിക്കുന്ന അവകാശമാണ്. എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സത്യം പുറത്തു വരുമെന്നും വിജയകുമാർ പറഞ്ഞു.
ശബരിമല തന്ത്രിസ്ഥാനം മലഅരയ സമുദായത്തിന്വിട്ടുനൽകണം
മുണ്ടക്കയം : ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ നിലവിലെ തന്ത്രികുടുംബവും ദേവസ്വം ബോർഡ് ഭാരവാഹികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മലഅരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പറഞ്ഞു. വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം ശബരിമലയുടെ യഥാർത്ഥ അവകാശികളായ മലഅരയ സമുദായത്തിന് തന്ത്രി സ്ഥാനവും ഭരണപരമായ അവകാശങ്ങളും തിരികെ നൽകണം. തന്ത്രിസ്ഥാനം അലങ്കരിക്കുന്നവർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഭക്തസമൂഹത്തെ ഞെട്ടിച്ചു. ധർമ്മം കാത്തുസൂക്ഷിക്കേണ്ടവർ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് തന്ത്രി സ്ഥാനത്തിന്റെ അയോഗ്യതയെയാണ് കാണിക്കുന്നത്. ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ സ്വർണമോഷണക്കേസിൽ അറസ്റ്റിലാകുന്ന സാഹചര്യം ക്ഷേത്രഭരണം എത്രത്തോളം ജീർണ്ണിച്ചുവെന്നതിന്റെ തെളിവാണ്. ഭക്തർ സമർപ്പിക്കുന്ന കാണിക്കയും സ്വർണവും അപഹരിക്കുന്നവർക്ക് ക്ഷേത്രത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ള രാഷ്ട്രീയ ഫുട്ബാളാക്കുന്നു: രാഹുൽ ഈശ്വർ തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ വീഴ്ചവന്നതിന് ആചാരപരമായ കാര്യങ്ങൾ ചെയ്യുന്ന തന്ത്രിയെ അറസ്റ്റുചെയ്തത് വൈരുദ്ധ്യമാണെന്ന് രാഹുൽ ഈശ്വർ. ശബരിമല സ്വർണക്കൊള്ള വിഷയം ഒരു രാഷ്ട്രീയ ഫുട്ബാളായി തട്ടിക്കളിക്കുകയാണ്. പലരെയും വെറുതെ കേസിൽപ്പെടുത്തി കേസിന്റെ ഗതിമാറ്റാതെ കൃത്യമായി ഇതിന്റെ പുറകിലുള്ളവരെ അറസ്റ്റുചെയ്യണം.