വീയപുരത്തിന് സി.ബി.എൽ കിരീടം നിരണത്തിന് പ്രസിഡന്റ്‌സ് ട്രോഫി
കൊല്ലം: അഷ്ടമുടിയിലെ ഓളങ്ങളെ അവേശം കൊള്ളിച്ച പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ ജേതാക്കളായി. പതിനൊന്നിൽ ഒൻപത് മത്സരങ്ങൾ വിജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ സി.ബി.എൽ കിരീടത്തിൽ മുത്തമിട്ടു. അഷ്ടമുടിയിലെ നെട്ടായത്തിൽ നേരിയ വളവുള്ളതിനാൽ ഫൈനൽ മത്സരത്തിന്റെ ആദ്യലീഡ് കാഴ്ചയിൽ ദൃശ്യമായിരുന്നില്ല. എന്നാൽ മേൽപ്പാടവും വീയപുരവും നിരണവും ഒപ്പത്തിനൊപ്പം കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവസാന ലാപ്പിൽ നിരണം ഇരച്ചെത്തിയപ്പോൾ വീയപുരത്തിനും മേൽപ്പാടത്തിനും വിജയവഴി മാറിക്കൊടുക്കേണ്ടിവന്നു.
കഴിഞ്ഞ നാല് സീസണുകളിൽ ചാമ്പ്യന്മാരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഇക്കുറി ഒരിടത്തുപോലും മുന്നിലെത്താൽ വില്ലേജ് ബോട്ട് ക്ളബിന്റെ വീയപുരം അനുവദിച്ചില്ല. 25 ലക്ഷം രൂപയും സി.ബി.എൽ ട്രോഫിയും വീയപുരം ചുണ്ടന് വേണ്ടി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി.
ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. എം.നൗഷാദ് എം.എൽ.എ, മേയർ എ.കെ.ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാ ദേവി, കൊല്ലം ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, കളക്ടർ എൻ.ദേവീദാസ് തുടങ്ങിയവർ പങ്കെടുത്തു.
സി.ബി.എൽ പോയിന്റ് നില
വീയപുരം-108 മേൽപ്പാടം- 92
നിരണം-86
നടുഭാഗം-80
നടുവിലേപ്പറമ്പൻ-74
കാരിച്ചാൽ- 48
ചെറുതന-44
പായിപ്പാടൻ-39
ചമ്പക്കുളം-23
പ്രസിഡന്റ്സ് ട്രോഫി-വള്ളങ്ങളും സമയവും
നിരണം-3 മിനിറ്റ്-36 സെക്കൻഡ്-548 മൈക്രോ സെക്കൻഡ്
വീയപുരം-3-37-826
മേൽപ്പാടം-3-40-23