ബംഗാളികൾ ഹോട്ടൽ പണിക്ക് വരുന്നത് സി.പി.എമ്മിന്റെ വീഴ്ച : ടി.പത്മനാഭൻ

Sunday 11 January 2026 12:46 AM IST

കണ്ണൂർ :കാൽ നൂറ്റാണ്ടു കാലം സി.പിഎം ബംഗാൾ ഭരിച്ചിട്ടും ബംഗാളികൾ കേരളത്തിലെ ഹോട്ടലിൽ ജോലിക്ക് വരുന്നത് പാർട്ടിയുടെ വീഴ്ചയാണെന്ന് പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ.കണ്ണൂർ ഹോട്ടൽ ഗ്രാൻഡ് ബിനാലെയിൽ നടന്ന ബംഗാൾ സി.പി.എമ്മിന്റെ മൂന്നര പതിറ്റാണ്ടിലെ ഉയർച്ച താഴ്ച്ചകൾ പറയുന്ന സൗർജ്യ ഭൗമിക്കിന്റെ ഗാംഗ്സ്റ്റർ സ്റ്റേറ്റിന്റെ മലയാളം പരിഭാഷ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തു കൊണ്ടാണ് ബംഗാളിൽ കമ്മ്യൂണിസം കാലഹരണപ്പെട്ടതെന്ന് കമ്യുണിസ്റ്റുകൾ ചിന്തിക്കണം.നന്ദിഗ്രാം കേരളത്തിലും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനെക്കാൾ വലിയ വീഴ്ച്ച ഒരു പ്രസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടോ..ജ്യോതി ബസുവിന്റെയും ബുദ്ധദേവിന്റെയും കാലത്ത് ഒറ്റ ത്രിവർണ പതാക ബംഗാളിലുണ്ടായിരുന്നില്ല. ജ്യോതി

ബസു വിദ്യാസമ്പന്നനും പണ്ഡിതനുമായിരുന്നു. എന്നാൽ ആ പ്രയോജനം ബംഗാളിന് കിട്ടിയിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. കവിയായിരുന്ന ബുദ്ധദേബിന് ശേഷം മമതയുടെ കാലമെത്തിയപ്പോൾ ബംഗാളിൽ ഒരിടത്തും ചെങ്കൊടി കാണാൻ കഴിഞ്ഞില്ല. മമത ഒരു വനിതയാണെങ്കിലും യാതൊരു മമതയില്ലാതെയാണ് ഭരിക്കുന്നത്. പ്രീയദർശിനി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളം പതിപ്പ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിൽ നിന്നും ടി. പത്മനാഭൻ ഏറ്റു വാങ്ങി.