16 ഉപഗ്രഹം; കുതിക്കാൻ ഒരുങ്ങി പി.എസ്.എൽ.വി
വിക്ഷേപണം നാളെ ശ്രീഹരിക്കോട്ടയിൽ
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പുതുവർഷത്തെ ആദ്യവിക്ഷേപണം നാളെ. ഇന്ത്യയുടെ പ്രതിരോധ ഉപഗ്രഹമായ ഇ.ഒ.എസ്.എൻ-1 (അന്വേഷ) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുയി ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി- സി 62 രാവില 10.17ന് കുതിക്കും.
കഴിഞ്ഞ വർഷം മേയ് 18ന് അപ്രതീക്ഷിതമായി പരാജയപ്പെട്ട ശേഷം ഇതാദ്യമായാണ് പി.എസ്.എൽ.വി വിക്ഷേപണത്തിനൊരുങ്ങുന്നത്. രണ്ടു സോളിഡ് സ്ട്രാപ് ഓൺ മോട്ടോറുകളുള്ള പി.എസ്.എൽ.വി- ഡി.എൽ വേരിയന്റാണ് ഇത്തവണ ഉപയോഗിക്കുന്നത്.
ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. ബംഗളൂരു കമ്പനിയായ ഓർബിറ്റ് എയ്‌റോസ്‌പേസ് വികസിപ്പിച്ചതും ബഹിരാകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ളതുമായ ആയുൾസാറ്റ്, ഹൈദരാബാദിലെ ടേക് മി ടു സ്‌പേസ്, ഇയോൺ സ്പേസ് എന്നീ കമ്പനികൾ ചേർന്ന് നിർമ്മിച്ച എം.ഒ.ഐ-1, ഇന്തോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹം എന്നിവയും ഉൾപ്പെടുന്നു. എ.ഐ ഡാറ്റ പ്രോസസിംഗിലൂടെ ഭൂമിയെ ചിത്രീകരിക്കാനും ഭ്രമണപഥത്തിൽ അടുത്ത തലമുറ എഡ്ജ് കമ്പ്യൂട്ടിംഗ് പ്രദർശിപ്പിക്കാനും കഴിവുള്ള ഉപഗ്രഹമാണ് എം.ഒ.ഐ-1.
ഒരു ഉപഗ്രഹം തിരിച്ചെത്തും
സ്‌പെയിനിൽ നിന്നുള്ള ഓർബിറ്റൽ പാരഡിഗത്തിന്റെ കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്‌ട്രേറ്റർ (കെ.ഐ.ഡി) ഉപഗ്രഹമാണ് അവസാനം റോക്കറ്റിൽ നിന്ന് വേർപെടുക. വേർപെട്ടയുടൻ ഭ്രമണപഥത്തിൽ നിന്ന് തെന്നിമാറി ഭൂമിയിലേക്ക് തിരിച്ചുവരും. ഇത് തെക്കൻ പസഫിക് സമുദ്രത്തിൽ പതിക്കും. പിന്നീട് വീണ്ടെടുക്കും. കുറഞ്ഞ ചെലവിൽ വീണ്ടെടുക്കൽ സംവിധാനങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ പരീക്ഷണം.