ഗാനഗന്ധർവന്റെ ജന്മദിനത്തിൽ കൊല്ലൂരിൽ മകന്റെ സംഗീതാർച്ചന,​ വീഡിയോ കാളിൽ ആശംസനേർന്ന് യേശുദാസ്

Sunday 11 January 2026 1:48 AM IST

കൊല്ലൂർ: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ കൊല്ലൂർ മൂകാംബികയ്ക്ക് മുന്നിൽ അവതരിപ്പിച്ച ഉദയാസ്തമയ സംഗീതാർച്ചനയിൽ പങ്കെടുത്ത് മകൻ വിജയ് യേശുദാസ്. തന്റെ ഇഷ്ടദേവതാ സന്നിധിയിൽ നടന്ന സംഗീതാർച്ചനയ്ക്ക് യേശുദാസ് അമേരിക്കയിൽ നിന്ന് വീഡിയോ കാളിൽ ആശംസ നേർന്നു. സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സംഗീതാർച്ചന നടത്തിയത്. യേശുദാസിന്റെ ഷഷ്ടിപൂർത്തി മുതൽ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബികാ സംഗീതാർച്ചന സമിതി ഉദയാസ്തമയ സംഗീതാരാധന നടത്തിവരികയാണ്.

വിജയ് കീർത്തനം ആലപിക്കുന്നതിനിടയിലാണ് യേശുദാസ് വീഡിയോ കാളിലെത്തിയത്. 'അമ്മേ മൂകാംബികേ..." എന്ന പ്രാർത്ഥനയോടെ സംസാരിച്ചുതുടങ്ങിയ അദ്ദേഹം, 'അമ്മ അനുഗ്രഹിക്കട്ടെ" എന്നും ആശംസിച്ചു. സംഗീതാർച്ചന നടത്തുന്ന കാഞ്ഞങ്ങാട് രാമചന്ദ്രനും സൗപർണികാമൃതം പുരസ്കാരത്തിന് അർഹനായ ഗാനരചയിതാവ് ആർ.കെ.ദാമോദരനും അദ്ദേഹം ഭാവുകങ്ങൾ നേർന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറിലേറെ സംഗീതജ്ഞരാണ് ഇക്കുറി വാഗ്ദേവിയുടെ മുന്നിൽ ഗാനഗന്ധർവന്റെ ആയുരാരോഗ്യത്തിനായുള്ള സംഗീതാർച്ചനയിൽ പങ്കെടുത്തത്. കെ.വി.വിവേക് രാജ് കാഞ്ഞങ്ങാട്, വിജയൻ കോഴിക്കോട്, മുരളി നമ്പീശൻ കോഴിക്കോട് (വയലിൽ), എൻ.ഹരി കോഴിക്കോട്, ഹരി മോഹൻ കരിവള്ളൂർ, രവീന്ദ്രൻ തിരുവനന്തപുരം, മനോജ്‌ വെള്ളൂർ (മൃദംഗം), താമരക്കുടി രാജശേഖരൻ, മുകുന്ദൻ താമരശ്ശേരി (മുഖ ശംഖ്), സുരേഷ് കോവൈ, ആലുവ രാജേഷ് (ഘടം), കരിവെള്ളൂർ ശശീന്ദ്രൻ (ഇടയ്ക്ക) ജബ്ബാർ കാഞ്ഞങ്ങാട് (ശബ്ദം) എന്നിവരായിരുന്നു പക്കമേളത്തിൽ. വി.വി.പ്രഭാകരൻ, സന്തോഷ് ചൈതന്യ കമ്പല്ലൂർ, പ്രഭാകരൻ കാഞ്ഞങ്ങാട്,​ കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രത്യേക പൂജ നടത്തി വിജയ്

പിറന്നാൾദിനത്തിൽ യേശുദാസിനായി മൂകാംബികാ ക്ഷേത്രത്തിൽ മകൻ വിജയ് യേശുദാസ് പ്രത്യേക പൂജ നടത്തി. വെള്ളിയാഴ്ച തന്നെ വിജയ് കൊല്ലൂരിൽ എത്തിയിരുന്നു. യേശുദാസിന്റെ സുഹൃത്തുക്കളായ ആർ.കെ.ദാമോദരൻ, ഡോ. സി.എം.രാധാകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.